ചെറുവത്തൂർ: മടക്കര മത്സ്യബന്ധന തുറമുഖത്ത് ലോ ലെവൽ ഫിംഗർ ജെട്ടി നിർമ്മിക്കുന്നു. മത്സ്യവുമായെത്തുന്ന ചെറുവള്ളങ്ങൾക്ക് സൗകര്യപൂർവ്വം തുറമുഖത്ത് അടുപ്പിക്കാനാണ് 1.16 കോടി രൂപ ചെലവുള്ള പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ ബോട്ടുകളും വലിയ വള്ളങ്ങളും തുറമുഖത്തടുപ്പിച്ചാൽ ചെറിയ വള്ളങ്ങൾക്ക് ലേല ഹാളിൽ മീനെത്തിക്കാൻ പ്രയാസമാണ്. ഇത് പലപ്പോഴും വാക്കേറ്റത്തിനും കശപിശക്കും ഇടയാക്കുന്നു. ലോ ലെവൽ ജെട്ടി പണിയുക മാത്രമായിരുന്നു ഇതിനുള്ള പരിഹാരം.
പി.എം. നസീർ കാസർകോടാണ് കരാറുകാരൻ. ഒരു വർഷമാണ് നിർമ്മാണ കാലാവധി.
ഇന്നുരാവിലെ 11ന് നടക്കുന്ന ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ. പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീളയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
നിർമ്മിക്കുന്നത് 30 മീറ്ററുള്ള രണ്ട് ജെട്ടി
നിലവിലുള്ള തുറമുഖത്തിന്റെ 120 മീറ്റർ നീളമുള്ള വാർഫ് ലെവൽ സി.ഡി. പ്ലസ് 2.65 ആണ്. ഇനി ഇവിടെ നിർമ്മിക്കുന്നത് 30 മീറ്റർ വീതമുള്ള രണ്ട് ലോ ലെവൽ ജെട്ടിയാണ്. ഇതിന്റെ വാർഫ് ലെവൽ സി.ഡി പ്ലസ് 2.1 ആണ്. പുഴയിലേക്ക് തള്ളി നിൽക്കുന്ന ഈ ജെട്ടിക്ക് ലാൻഡിംഗ് കപ്പാസിറ്റി 120 മീറ്ററാണ്. ലേല ഹാളിലേക്ക് 3 മീറ്റർ പാസ്സേജും നിർമ്മിക്കും. എം. രാജ ഗോപാലൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.