കാസർകോട്: സംസ്ഥാന സർക്കാർപദ്ധതിയായ കേരള നോളജ് മിഷൻ ഇക്കണോമി നാളെ ബോവിക്കാനം എൽ.ബി.എസ് എൻജിനീയറിംഗ് കോളേജിൽ നടത്തുന്ന തൊഴിൽ മേളയുടെ സാധ്യതകൾ അഭ്യസ്ത വിദ്യരായ യുവജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാകളക്ടർ ഭണ്ഡാരി സ്വാഗത് രവീർ ചന്ദ് പറഞ്ഞു. തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർ ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യൂ.എം.എസ്) ൽ രജിസ്റ്റർ ചെയ്യണം.
മിഷന്റെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗായിട്ടാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. രാവിലെ 8.30 മുതൽ വൈകീട്ട് 6 വരെയാണ് തൊഴിൽ മേള. രണ്ടായിരത്തോളം അവസരങ്ങളാണ് മേളയിൽ തൊഴിലന്വേഷകരെ കാത്തിരിക്കുന്നത്. ഐ.ടി, എൻജിനീയറിംഗ്, ടെക്നിക്കൽ ജോബ്സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, മൊബൈൽ, മെഡിക്കൽ, ലോജിസ്റ്റിക്സ്, മാനേജ്‌മെന്റ്, റീടെയ്ൽ, ഫിനാൻസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കിംഗ്, മാർക്കറ്റിംഗ്, സെയിൽസ്, മീഡിയ, സ്‌കിൽ എഡ്യുക്കേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, നികുതി തുടങ്ങിയ മേഖലകളിലെ 100 ലധികം കമ്പനികളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുസംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം. നൈപുണ്യവും വൈദഗ്ദ്ധ്യവുമുള്ള ഉദ്യോഗാർഥികളെയും സേവനം ആവശ്യമുള്ള തൊഴിൽ ദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് കെ ഡിസ്‌കും കേരള നോളേജ് മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന തൊഴിൽ മേളയുടെ ലക്ഷ്യം.
ഉദ്യോഗാർഥികൾക്ക് പരിശീലനം
തൊഴിൽമേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്‌കിൽ എന്നിവയിൽ മൂന്ന് മണിക്കൂർ സൗജന്യ പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്യാം
തൊഴിൽ അന്വേഷകർ knowledgemission.kerala.gov.inഎന്ന വെബ്‌സൈറ്റിൽ പ്രൊഫൈൽ രജിസ്റ്റർ ചെയ്യുക. ഫോൺ: 0471 2737881