കണ്ണൂർ: കാലാവസ്ഥ വ്യതിയാനം കശുഅണ്ടി കർഷകരുടെ പ്രതീക്ഷകളെ കരിയിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് പടർന്നു പിടിച്ചതോടെ വിളവെടുപ്പ് മുടങ്ങിയ കശുഅണ്ടി കർഷകർ ഇക്കുറി തികഞ്ഞ പ്രതീക്ഷയിലായിരുന്നു. എന്നാൽ കാലാവസ്ഥ വ്യതിയാനം ഇത്തവണ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സാധാരണയായി ജനുവരി മാസത്തിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കശുഅണ്ടി വിളവെടുപ്പ് തുടങ്ങാറുണ്ട്. കർഷകർക്ക് നല്ല വില കിട്ടുന്ന മാസം കൂടിയാണിത്.

കഴിഞ്ഞ കാലങ്ങളിൽ നൂറും അതിനു മുകളിലും വില കടക്കാറുണ്ട്. എന്നാൽ ഇക്കുറി മലയോര മേഖലയിലെ മിക്കയിടങ്ങളിലും കശുമാവ് പൂത്തിട്ടില്ല. പൂത്തയിടങ്ങളിലാകട്ടെ കശുമാവിൻ പൂക്കൾ കനത്ത മഴയും രാവിലെയുണ്ടാകുന്ന ശക്തമായ കാറ്റും സമ്മിശ്രമായി അനുഭവപ്പെടുന്ന കൊടും ചൂടും മഞ്ഞും നശിപ്പിച്ചു കളഞ്ഞു. പരാഗണം കൃത്യമായി നടക്കാത്ത സ്ഥലങ്ങളിലൊന്നും കശുമാവ് പൂക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിളവെടുപ്പ് നടക്കുമെന്ന പ്രതീക്ഷയില്ലാതായതോടെ ഇക്കുറി കശുഅണ്ടി തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നവരും പിൻവാങ്ങിയിരിക്കുകയാണ്.

ജില്ലയിൽ ആലക്കോട്, ഉദയഗിരി, ചന്ദനക്കാംപാറ, ഉളിക്കൽ, നടുവിൽ, കൊട്ടിയൂർ, കേളകം, പേരാവൂർ, പയ്യാവൂർ, എരുവേശി, ഇരിക്കൂർ, കല്യാട് തുടങ്ങിയ സ്ഥലങ്ങളിലാണ് കശുഅണ്ടി തോട്ടങ്ങൾ കൂടുതലുള്ളത്. എന്നാൽ ചെങ്കൽ ക്വാറികൾക്കായി കശുമാവിൻ തോട്ടങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ചതും റബ്ബർ തോട്ടങ്ങൾ ഒരുക്കുന്നതിനായി മുറിച്ചുമാറ്റിയതും കാരണം കശുമാവിൻ തോട്ടങ്ങളുടെ വിസ്തൃതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

തറവില വാഗ്ദാനത്തിലൊതുങ്ങി

സർക്കാർ തറ വില നിശ്ചയിച്ചു സംഭരണം ഏർപ്പെടുത്തുമെന്ന് മുൻ വർഷങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നടപ്പിലായില്ല. 60 രൂപ വരെ മാർച്ച് മുതൽ മേയ് മാസം വരെ കശുഅണ്ടിക്ക് കുറയാറുണ്ട്. ജില്ലയിലെ കശുഅണ്ടി സംഭരണം ഇപ്പോഴും ചില സ്വകാര്യ മുതലാളികളുടെയും കമ്പനികളുടെയും നിയന്ത്രണത്തിലാണ്. ഇവർ നിശ്ചയിക്കുന്നതാണ് മാർക്കറ്റിലെ വില. കർണാടകയിലേക്കും കൊല്ലത്തേക്കുമാണ് ഇവിടെ നിന്നും കശുഅണ്ടി കൊണ്ടുപോകുന്നത്. കണ്ണൂർ ജില്ലയിൽ നിന്നു തന്നെ സംസ്‌കരിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്ന വൻകിട കമ്പനികളുമുണ്ട്.

ഇക്കുറി മലയോര മേഖലയിൽ പലയിടങ്ങളിലും കശുമാവ് പൂത്തിട്ടില്ല. സാധാരണ ജനുവരിയിൽ വിളവെടുപ്പ് തുടങ്ങാറുള്ളതാണ്. തുലാവർഷം അധികമായി പെയ്തതും കൊടും ചൂടും കനത്ത തണുപ്പും രാവിലെ വീശുന്ന കാറ്റും കാരണം പരാഗണം പോലും നടന്നിട്ടില്ല.

സി.വി നാരായാണൻ, കശുവണ്ടി കർഷകൻ, ഇരിക്കൂർ