
കണ്ണൂർ: ഏപ്രിലിൽ സി.പി.എം പാർട്ടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂർ നായനാർ അക്കാഡമിയിൽ18,000 ചതുരശ്ര അടിയിൽ കൂറ്റൻ കമ്മ്യൂണിസ്റ്റ് മ്യൂസിയം സജ്ജമാക്കുന്നു. മാർച്ചിൽ പൂർത്തിയാക്കാനാണ് ശ്രമം. കേരള കമ്യൂണിസ്റ്റ് ചരിത്രം ആലേഖനം ചെയ്യുന്ന മ്യൂസിയത്തിലെ പ്രധാന ഭാഗം പ്രിയ നേതാവ് ഇ.കെ. നായനാർക്ക് വേണ്ടിയാണ്.
സിഡ്നിയിലെ ആസ്ട്രേലിയൻ മ്യൂസിയം, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം എന്നിവ രൂപകല്പന ചെയ്ത രാജ്യാന്തര സംഘടനയായ ഇന്റർനാഷണൽ കൗൺസിൽ ഒഫ് മ്യൂസിയം ബോർഡ് അംഗം ചെന്നൈ സ്വദേശി വിനോദ് ഡാനിയേലിന്റെതാണ് രൂപകല്പന. ചലച്ചിത്ര പ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ ശങ്കർ രാമകൃഷ്ണനാണ് ക്രിയേറ്റീവ് ഹെഡ്.
സോവിയറ്റ് കോർണറിനു തൊട്ടുപിന്നാലെ 1939ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യപ്രവർത്തനത്തിന് തീരുമാനമെടുത്ത പിണറായി പാറപ്രം രഹസ്യസമ്മേളനത്തിന്റെ പുനരാവിഷ്കാരം, കയ്യൂർ, കരിവെള്ളൂർ, മൊറാഴ സമരങ്ങളുടെ പതിപ്പുകൾ തുടങ്ങിയവ മ്യൂസിയത്തിലുണ്ടാകും. പാറപ്രം സമ്മേളനത്തോടെയാണ് വടക്കേ മലബാറിലാകെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ ഇരമ്പിയത്. കരിവെള്ളൂരും കയ്യൂരും കാവുമ്പായിയും തലശ്ശേരിയും മട്ടന്നൂരും മോറാഴയുമടക്കമുള്ള പടനിലങ്ങളിലൂടെ കേരളം ചുവന്നത് ഏങ്ങനെയെന്ന് മ്യൂസിയം പറയും.
കലാസംവിധായകരായ വിനോദ് മേനോൻ, സന്തോഷ് രാമൻ, പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ മ്യൂസിയം സജ്ജീകരിക്കുന്നതിനായുണ്ട്. എറണാകുളത്തും ബംഗളൂരുവിലുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു, അക്കാഡമി ഡയറക്ടർ പ്രൊഫ. ടി.വി. ബാലൻ എന്നിവർക്കാണ് മ്യൂസിയത്തിന്റെ മേൽനോട്ടം.
നായനാരെ അടുത്തറിയാം 28 അടി ശില്പം കാണാം
നായനാരുടെ ജനകീയ സ്വഭാവം പ്രകടമാക്കുന്ന ദൃശ്യങ്ങൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന ജൂബ്ബ, പേന, റേഡിയോ, എഴുതിയ പുസ്തകങ്ങൾ, അപൂർവ ഫോട്ടോകൾ എന്നിവ മ്യൂസിയത്തിലുണ്ടാകും. പത്ത് മിനിട്ടോളം ദൈർഘ്യമുള്ള ഓറിയന്റേഷൻ തിയേറ്ററിൽ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്യും. 3 ഡി ടെക്നോളജിയാണ് ഉപയോഗിക്കുന്നത്.
നായനാർ അക്കാഡമിയോളം പൊക്കത്തിൽ, ആകാശത്തേക്ക് മുഷ്ടി ചുരുട്ടി നിൽക്കുന്ന അടിച്ചമർത്തപ്പെട്ടവന്റെ 28 അടിയുള്ള ശില്പവും സ്ഥാപിക്കും. കേരളത്തിലെ എല്ലാ രക്തസാക്ഷികളുടെയും പേരുകൾ ചുമരിൽ ആലേഖനം ചെയ്യും.
'ലോകത്തെ ഏറ്റവും മികച്ച മ്യൂസിയങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് രൂപകല്പന. ഇ.കെ. നായനാർ എന്ന വലിയ മനുഷ്യനെ സമഗ്രമായി അടയാളപ്പെടുത്തുന്നതായിരിക്കും മ്യൂസിയം. ഹൈബ്രിഡ് മ്യൂസിയത്തിനു പുറമെ ആർക്കൈവ്സും ഇതിന്റെ സവിശേഷതയാണ്".
- ശങ്കർ രാമകൃഷ്ണൻ, ക്രിയേറ്റീവ് ഹെഡ്