printing-press

കണ്ണൂർ:കൊവി‌ഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അച്ചടി നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി പ്രിന്റിംഗ് പ്രസ്സുകൾ.പത്തു മുതൽ 15 ശതമാനം വരെ വർദ്ധിപ്പിച്ചുള്ള നിരക്ക് 15 മുതൽ പ്രാബല്യത്തിൽ വരും. കടലാസ്,മഷി,കെമിക്കൽസ് മുതലായവയുടെ ദൗ‌ർലഭ്യവും അമിതമായ വിലക്കയറ്റവും പെട്രോളിയം ഉത്പ്പന്നങ്ങൾക്കുണ്ടായ വിലവർദ്ധനവും വലിയ പ്രതിസന്ധിയാണുണ്ടാക്കിയതെന്ന് അച്ചടിമേഖലയിലുള്ളവർ പറ‌ഞ്ഞു.

അച്ചടി മേഖലയിൽ ജി.എസ്.ടി നിരക്ക് 12 ശതമാനത്തിൽ നിന്നും 18 ശതമാനമായി കഴിഞ്ഞ മാസം വർദ്ധിപ്പിച്ചിരുന്നു.കനത്ത ആഘാതമാണ് നികുതി വർദ്ധനവ് തങ്ങൾക്ക് വരുത്തിയതെന്നും ഇവർ പറഞ്ഞു.വരുമാനം ഇടിയുകയും ചിലവ് വലിയ തോതിൽ വർദ്ധിച്ചതും മേഖലക്ക് കനത്ത വെല്ലുവിളിയായിയെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ജി.എസ്.ടി,​പേപ്പർവില,​ ഓൺലൈൻ അപേക്ഷ

അഞ്ചു ശതമാനമുണ്ടായിരുന്ന വാറ്റ് നികുതിയാണ് ജി.എസ്.ടിയിലെത്തിയപ്പോൾ പന്ത്രണ്ടും ഇപ്പോൾ പതിനെട്ടും ശതമാനമാക്കിയത്. പേപ്പർവില ആറുമാസത്തിനിടയിൽ 40 മുതൽ 60 ശതമാനം വരെ വില വർദ്ധിച്ചു. അച്ചടി വലിയ തോതിൽ കുറയുകയും ചെയ്തു.

ഭൂരിപക്ഷം അപേക്ഷകളും ഓൺലൈനായതിനാൽ ഫോമുകളുടെ പ്രിന്റിംഗ് ഉൾപ്പെടെ പ്രസുകൾക്ക് ലഭിക്കാതെയായി.തൊഴിലാളികളുടെ ശമ്പളം,പരിപാലനചിലവ്,വൈദ്യുതി ,വെള്ളം തുടങ്ങിയ ഇനത്തിലുള്ള ചിലവുകളിൽ യാതൊരു കുറവ് ഉണ്ടായതുമില്ല. ഒരു സ്ഥാപനത്തിൽ കുറഞ്ഞത് അഞ്ചു മുതൽ 12 തൊഴിലാളികളും ജില്ലയിൽ ഏകദേശം 1600 തൊഴിലാളികളുമാണ് മേഖലയിലുള്ളത്.


കിട്ടാനില്ല പേപ്പർ പൾപ്പ്

നാട്ടിൽ പൾപ്പിന് ക്ഷാമമായതിനാൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്. നിലവിൽ ഇറക്കുമതി വൻ തോതിൽ കുറഞ്ഞതോടെ പൾപ്പിന്റ വില വൻതോതിൽ വർദ്ധിച്ചു.സിംഗപ്പൂർ,കൊറിയ എന്നിവിടങ്ങളിൽ നിന്നാണ് പൾപ്പ് ഇന്ത്യയിലേക്കെത്തുന്നത്. മറ്റ് അസംസ്കൃത വസ്തുക്കളിൽ 95 ശതമാനവും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ്. അതേസമയം അച്ചടിക്കാവശ്യമായ നല്ല പേപ്പറുകൾ കേരളത്തിലെ മില്ലുകളിൽ ഉത്പ്പാദിപ്പിക്കാത്തതും മേഖലയ്ക്ക് വെല്ലുവിളിയാണെന്ന് കെ.പി.എ സംസ്ഥാന ഉപദേഷ്ടാവ് പി.എ.അഗസ്തിൻ,ജില്ലാ പ്രസിഡന്റ് പി.വി.പുരുഷോത്തമൻ,ജില്ലാ സെക്രട്ടറി കെ.ഇ.ശാദുലി,ട്രഷറർ കെ.മുഹമ്മദ് കുട്ടി ഹാജി,വി.സഞ്ജീവൻ എന്നിവർ .വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് മേഖല കടന്ന് പോകുന്നത്.നേരത്തെ ആറു മാസം കൂടുമ്പോഴാണ് പേപ്പർ വില വർദ്ധിച്ചിരുന്നത്. ഇപ്പോൾ മണിക്കൂറിലാണ് വ‌ർദ്ധവ്.ചിലവ് കൂടുകയും വരുമാനം ഇടിയുകയും ചെയ്തതോടെ ഏകീകൃത വിലവർദ്ധന നടപ്പാക്കാൻ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.

പി.എ.അഗസ്തിൻ,കെ.പി.എ സംസ്ഥാന ഉപദേഷ്ടാവ്

കണ്ണൂരിൽ പ്രിന്റിംഗ് പ്രസുകൾ 235

കൊവിഡിൽ പൂട്ടിയത് 45

നിലവിൽ 160