santha
പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ ശാന്ത ആരോഗ്യം വീണ്ടെടുത്ത ശേഷം

കണ്ണൂർ: പാമ്പ് കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ജീവിതത്തിലേക്ക് തിരികെ നടത്തി ശ്രീചന്ദ് ഹോസ്പിറ്റൽ. കുറ്റിയാട്ടൂർ പഞ്ചായത്തിലെ പായാട്ട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാന്ത (68) യ്ക്കാണ് ഡിസംബർ 17ന് വീടും പരിസരവും വൃത്തിയാക്കുന്നതിനിടെ വലതുകാലിൽ അണലിയുടെ കടിയേറ്റത്. ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട ശാന്തയുടെ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെയാണ് ബന്ധുക്കളുടെ തീരുമാനപ്രകാരം കണ്ണൂരിലെ ശ്രീചന്ദ് സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലെ ടോക്‌സികോളജി വിഭാഗത്തിലേക്ക് 18-ാം തീയതി മാറ്റിയത്.

എമർജൻസി വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിക്കുകയും രോഗിക്ക് ഉടനെ ഡയാലിസിസ് പോലുള്ള ചികിത്സ ആവശ്യമുണ്ടെന്നും, വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമേ രോഗിയുടെ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നും അറിയിച്ചു.
ജനറൽ മെഡിസിൻ ആൻഡ് ടോക്‌സികോളജി സ്‌നേക്ക് ബൈറ്റ് വിഭാഗത്തിലെ ഡോക്ടർ ഡോ. ജിൽജിത്തിന്റെ നേതൃത്വത്തിൽ നേഫ്രോളജിസ്റ്റ് ഡോ. ടോമിന്റെ വിദഗ്ദ്ധ നിരീക്ഷണത്തിൽ രോഗിയെ അന്നുതന്നെ ഡയാലിസിസിന് വിധേയമാക്കുകയും ജീവൻ നിലനിർത്താനുള്ള പ്രാഥമിക ചികിത്സകൾ ആരംഭിക്കുകയും ചെയ്തു. വെന്റിലേറ്ററിൽ 15ദിവസത്തിൽ അധികം അതീവ ഗുരുതരാവസ്ഥയിൽ കിടന്ന രോഗിക്ക് പ്ലാസ്മപെരസിസ് ഉൾപ്പടെയുള്ള ആധുനിക ചികിത്സ നല്കിയതിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർക്ക് സാധിച്ചു.
പിന്നേയുള്ളത് കാലിന്റെ കടിയേറ്റ ഭാഗത്തെ ചികിത്സ ആയിരുന്നു. പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ തലവനായ ഡോ. നിബു കുട്ടപ്പന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ കൊടുത്തുകൊണ്ട് കാലും സംരക്ഷിക്കാനായി.