കൂത്തുപറമ്പ്: ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിനും, കോൺഗ്രസ് സ്തൂപത്തിനും നേരെ അക്രമം. ഷട്ടറിന്റെ പൂട്ട് തകർത്ത് വായനശാലയിൽ അതിക്രമിച്ചു കടന്ന അക്രമികൾ ടെലിവിഷൻ, മേശ, കസേര ഉൾപ്പെടെയുള്ളവ തകർക്കുകയും, പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തു. കാരംസ് ബോർഡ്‌ മോഷ്ടിച്ചു.

നേരത്തെയും പൂവ്വത്തൂർ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കും നേരെ ആക്രമം നടന്നിരുന്നു. കോൺഗ്രസ് കൊടി തോരണങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനാരായണ മഠം പ്രസിഡന്റ്‌ കെ. ലോഹിതാക്ഷൻ കണ്ണവം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കണ്ണവം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി.സാജു, ഹരിദാസ് മൊകേരി, ബ്ളോക്ക് പ്രസിഡന്റ് രാജൻ പുതുശ്ശേരി, മണ്ഡലം പ്രസിഡന്റ്‌ ബിനു പാറായി, റോബർട്ട്‌ വെള്ളാംവെള്ളി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ചെറുവാഞ്ചേരി കണ്ണാടിച്ചാൽ ശ്രീനാരായണ മഠത്തിന് കീഴിലുള്ള സാംസ്‌കാരിക നിലയത്തിലെ ഫർണീച്ചറുകളും പുസ്തകങ്ങളും നശിപ്പിക്കപ്പെട്ടതിൽ എസ്.എൻ.ഡി.പി യോഗം ചെറുവാഞ്ചേരി ശാഖ പ്രതിഷേധിച്ചു.