കാഞ്ഞങ്ങാട്: സഞ്ചരിക്കുന്ന മൃഗാശുപത്രിവരെയുണ്ടായിട്ടും കറവപ്പശുക്കൾ ഒന്നിനു പിറകെ ഒന്നായി ചത്തുവീഴുന്നതിൽ ക്ഷീരകർഷകർക്ക് ആശങ്ക. മരണകാരണം അറിയാത്തതും നഷ്ടപരിഹാരം കിട്ടാത്തതും ക്ഷീരകർഷകരുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്.
മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതി ക്ഷീരോത്പാദക സഹകരണ സംഘത്തിനു കീഴിലെ കർഷകരുടെ പശുക്കളാണ് ചത്തുവീഴുന്നത്. കാലിച്ചാംപൊതിയിലെ പനക്കൂൽ കൃഷ്ണന്റെ ഒരു പശു ഇക്കഴിഞ്ഞ ശനിയാഴ്ച ചത്തു. കൃഷ്ണന്റെ നാലു പശുക്കളാണ് ഒന്നരവർഷത്തിനിടയിൽ ചത്തത്. 22 ലിറ്റർ വരെ പാൽകിട്ടുന്ന പശുവാണ് ശനിയാഴ്ച ചത്തത്. ഇതോടെ കൃഷ്ണൻ മൂന്നു കറവപ്പശുക്കളെ നഷ്ടത്തിനു വിറ്റു. ഇപ്പോൾ രണ്ടെണ്ണം മാത്രമാണ് ഇയാളുടെ തൊഴുത്തിലുള്ളത്. മൂന്നാമത്തെ പശു ചത്തപ്പോൾ കൃഷ്ണൻ ഇൻഷൂർ ആനുകൂല്യം കിട്ടുന്നതിന് അപേക്ഷിച്ചെങ്കിലും കാലിച്ചാംപൊതി മൃഗാശുപത്രിയിലെ വെറ്ററിനറി സർജന്മാരുടെ ജാഗ്രതക്കുറവിൽ നഷ്ടപരിഹാരം കിട്ടാതെ പോയി.
ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കൃഷ്ണൻ ചാളക്കടവിന്റെ പശു ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചത്തത്. പ്രസവിച്ച് 10 ദിവസം കഴിഞ്ഞപ്പോഴായിരുന്നു മരണമെന്ന് കൃഷ്ണൻ പറഞ്ഞു. കാലിച്ചാംപൊതിയിലെ എൻ. കൃഷ്ണന്റെ അനുഭവവും വ്യത്യസ്തമല്ല. 80,000രൂപ വിലവരുന്ന പശുവാണ് ചത്തത്. ഇതിന് നഷ്ടപരിഹാരമായി കിട്ടിയത് 10,000 രൂപയും.
സഞ്ചരിക്കുന്ന മൃഗാശുപത്രി
മടിക്കൈക്ക് അന്യം
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനമൊന്നും മടിക്കൈയിലെ ക്ഷീരകർഷകർക്ക് ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഇപ്പോൾ മടിക്കൈ മൃഗാശുപത്രിയിലെ വെറ്ററിനറി സർജന്റെ സേവനം രാത്രികാലങ്ങളിൽ കർഷകർക്ക് ലഭിക്കാറില്ല. സ്വകാര്യ വെറ്ററിനറി സർജൻമാരുടെ സേവനം ലഭിക്കാൻ ചുരുങ്ങിയത് 2000 രൂപയുടെയെങ്കിലും ചിലവ് വരുമെന്ന് ക്ഷീരകർഷകർ പറയുന്നു. ചാളക്കടവ് കൃഷ്ണന്റെ പശുവിനെ മൂന്നു തവണ പരിശോധിക്കാൻ കാഞ്ഞങ്ങാട്ടു നിന്നെത്തിയ വെറ്ററിനറി സർജന് 6000 രൂപയാണ് നൽകിയതത്രെ.
കറവപ്പശുക്കൾ ചത്തുപോകുന്ന കർഷകരെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സംഘത്തിന്റെ സാമ്പത്തിക സ്ഥിതി അതിനനുവദിക്കുന്നില്ല.
കാലിച്ചാംപൊതി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കൃഷ്ണൻ ചാളക്കടവ്