മാഹി: കൊവിഡ് ഒമിക്രോൺ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാഹിയിലെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ ഒന്ന് മുതൽ 9 വരെ ക്ലാസുകൾ ഇന്നു മുതൽ അടച്ചിടാൻ രമേശ് പറമ്പത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മാഹി ഗവ. ഹൗസിൽ ചേർന്ന യോഗം തീരുമാനിച്ചതായി മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ലാസ്സുകൾ ഓൺലൈനായി നടത്തും.

കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, ട്യൂഷ്യൻ സെന്ററുകൾ, മദ്രസ്സകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. 10,11,12 ക്ലാസുകൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും. വിവാഹ ചടങ്ങിൽ 40 പേരും ശവസംസ്‌കാര ചടങ്ങിൽ 20 പേരും മാത്രമേ പങ്കെടുക്കാവൂ. മറ്റെല്ലാ പൊതു പരിപാടികളും ഉത്സവങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്. ഹോട്ടലുകൾ, മദ്യശാലകൾ, കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ 50 ശതമാനം പേർക്ക് മാത്രമേ അനുമതിയുള്ളൂ. ഇന്നലെ മാഹിയിൽ 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.


ഉത്തരവ് ലംഘിച്ചാൽ ഡോക്ടർമാരെ അറസ്റ്റ് ചെയ്യും

സർക്കാർ ഉത്തരവ് ലംഘിക്കുകയും, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാതിരിക്കുകയും ചെയ്ത ആയുർവേദ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ മെഡിക്കൽ കോളേജിൽ ജോലിക്കെത്തിയാൽ ഉടൻ
നിയമ നടപടി സ്വീകരിക്കും. ഇവർ അവധിയെടുക്കാതെ ഇനിയും കോളേജിൽ വരാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യാൻ പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.