 
ഇരിട്ടി: മേഖലയിൽ തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കെതിരെ തിങ്കളാഴ്ച മാത്രം 20 കേസുകൾ എടുത്തു. ഇവരിൽ നിന്നും 5000 രൂപ പിഴ ഈടാക്കി. പയഞ്ചേരിമുക്ക്, കീഴൂർ തുടങ്ങിയ സ്ഥലങ്ങളിൽ നോ പാർക്കിംഗ് ബോഡുകൾ സ്ഥാപിച്ച ഇടങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കു എതിരെയാണ് നടപടി സ്വീകരിച്ചത്.
അടുത്തിടെ വീതി കൂട്ടി നവീകരിച്ച തലശ്ശേരി -വളവുപാറ റോഡിൽ അപകടങ്ങൾ സ്ഥിരമായതോടെ ഇവിടങ്ങളിൽ ഉണ്ടാകുന്ന നിയമ ലംഘനങ്ങൾക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം. റോഡ് നവീകരണം നടന്നതോടെ വളവുപാറ മട്ടന്നൂർ റൂട്ടിൽ മാത്രം ജീവൻ പൊലിഞ്ഞത് 12 പേർക്കാണ്. അമിതവേഗവും അശ്രദ്ധയും ആണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതെന്നാണ് അധികൃതർ വിലയിരുത്തുന്നത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി.ആർ ഷനിൽ കുമാർ, ഡി.കെ. ഷീജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഡിം ചെയ്യാത്തതിന് 30 കേസുകൾ
പുതുവത്സര തലേദിവസം രാത്രി മാത്രം എതിരെ വാഹനങ്ങൾ വന്നപ്പോൾ ഹെഡ് ലൈറ്റ് ഡിം ചെയ്തു നൽകാത്തതിനു 30 കേസുകൾ റജിസ്റ്റർ ചെയ്തു. ഈ മാസം ആദ്യം മുതൽ ഇരിട്ടി താലൂക്കിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു. അമിതവേഗം, അനധികൃത പാർക്കിംഗ്, കാലഹരണപ്പെട്ട രേഖകൾ ഉപയോഗിക്കൽ, ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർ ഹെൽമെറ്റ് ധരിക്കാത്തത് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങളാണ് പിടികൂടിയത്. 11 ദിവസം കൊണ്ട് 170 കേസുകൾ എടുത്തു. മൂന്ന് ലക്ഷത്തിലധികം രൂപ പിഴയും ഈടാക്കി.
നടപടികൾ ശക്തമായി തുടരും. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുമ്പോൾ സമ്മതിക്കാതെ അമിതവേഗത്തിൽ കയറി പോകാൻ ശ്രമിക്കുന്ന വാഹന ഡ്രൈവർമാർക്കും ഇരിട്ടി പാലത്തിലെയും പയഞ്ചേരിമുക്കിലെയും സിഗ്‌നൽ സംവിധാനം തെറ്റിച്ചു കയറുന്നവർക്കെതിരെയും കൂടി നടപടി സ്വീകരിക്കും.
ഇരിട്ടി ജോയിന്റ് ആർ.ടി.ഒ എ.സി ഷീബ