ചെറുപുഴ: 12 കോടിയുടെ മെക്കാഡം ടാറിംഗ് പണി നടക്കുന്ന പ്രാപ്പൊയിൽ - എയ്യൻകല്ല് - മൂന്നാംകുന്ന് രയരോം റോഡിന്റെ ഗുണഭോക്താക്കളായ കുണ്ടേരി - പെരുവട്ടം ഊരുകൂട്ടം നിവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കുണ്ടേരി - പെരുവട്ടം ഊരുകൂട്ടം പ്രദേശങ്ങളെ ഒഴിവാക്കി റോഡിന്റെ രണ്ടറ്റത്തു നിന്നും രണ്ടു കിലോമീറ്റർ വീതം മെക്കാഡം ടാറിടാനുള്ള തീരുമാനമാണ് ഇവരുടെ എതിർപ്പിന് കാരണം.
ഏഴര കിലോമീറ്റർ വരുന്ന റോഡിന്റെ പണി ഇഴഞ്ഞാണ് നീങ്ങുന്നത്. റോഡ് പണി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം എയ്യൻകല്ലിൽ റോഡ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിൽ രയരോത്ത് നിന്ന് രണ്ട് കിലോമീറ്ററും പ്രാപ്പൊയിൽ നിന്ന് രണ്ട് കിലോമീറ്ററും ആദ്യഘട്ടത്തിൽ മെക്കാഡം ടാറിടാൻ ധാരണയായിരുന്നു. ചിലരുടെ സ്വാർഥ താല്പര്യത്തിന് വഴങ്ങിയാണ് ഇങ്ങനെയൊരു ധാരണയെന്നാണ് ഊരുകൂട്ടം നിവാസികൾ പറയുന്നത്.
കുണ്ടേരി ഊരുകൂട്ടത്തിൽ 65 ഉം പെരുവട്ടം -നാട്ടക്കല്ല് ഊരുകൂട്ടത്തിൽ 55 കുടുംബങ്ങളും താമസമുണ്ട്. മറ്റ് വിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങളും പ്രദേശത്ത് താമസമുണ്ട്. റോഡ് നവീകരണം ആരംഭിച്ചിട്ട് വർഷമൊന്നായെങ്കിലും പണികൾ എങ്ങുമെത്തിയിട്ടില്ല. റോഡ് പാടെ തകർന്നതിനാൽ ആകെയുണ്ടായിരുന്ന ഒരു ബസും ഓട്ടം നിർത്തി.