കാഞ്ഞങ്ങാട്: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കുട്ടികൾ കൊഴിഞ്ഞുപോകുന്ന കോടോം - ബേളൂർ അതിർത്തിയിലെ പനങ്ങാട് ​ഗവൺമെന്റ് യു.പി സ്കൂൾ നവീകരിക്കുന്നു. നിലവിൽ 23 കുട്ടികളും നാല് അദ്ധ്യാപകരും മാത്രമുള്ള സ്കൂളിലേക്ക് എത്തിപ്പെടാൻ നല്ലൊരു വഴിപോലുമില്ലാത്തത് വിദ്യാർത്ഥികളെയും മറ്റും ഏറെ പ്രയാസപ്പെടുത്തിയിരുന്നു.

കാസർകോട് വികസന പാക്കേജിൽ പത്തുലക്ഷം രൂപ ചെലവിട്ട് ടൈൽസ് പാകിയും മേൽക്കൂരയുടെ ദ്രവിച്ച മരത്തിന് പകരം പുതിയത് വച്ചുമാണ് നവീകരണം. ജീപ്പിന് മാത്രം വരാൻ കഴിഞ്ഞിരുന്ന റോഡിന്റെ മുക്കാൽ ഭാഗവും പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തു.

വിദ്യാർത്ഥികൾക്ക് ഇനിയും പരിഭവങ്ങളുണ്ട്. 23 കുട്ടികളിൽ 19 പേരും മടിക്കൈക്കാരാണ്. വടക്കുംമൂല, പട്ടത്തുംമൂല, കാനംതുണുപ്പ്, നെല്ലിയടുക്കം തുടങ്ങിയ ഭാ​ഗത്തെ കുട്ടികൾ മഴക്കാലത്ത് സ്കൂളിലെത്താറില്ല. കാരാക്കോട്ടെ പാലം വെള്ളത്തിനടിയിലാകുന്നതാണ് പ്രശ്നം. അടുത്തിടെ കാറിൽ കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട എ.ഇ.ഒ സ്കൂളിലേക്കെത്തിയത് സമീപത്തെ എയ്ഡഡ് സ്കൂൾ മാനേജരുടെ ജീപ്പിലാണ്. വിദ്യാകിരണം പദ്ധതിയിൽ ഏഴ് കുട്ടികൾക്ക് ലാപ്പ്ടോപ്പ് കിട്ടിയെങ്കിലും നെറ്റ്‌വർക്ക് കവറേജ് ലഭ്യമല്ല. അദ്ധ്യാപകർക്കെല്ലാം ഓരോ കുട്ടിയുമായും ആത്മബന്ധമുണ്ടെങ്കിലും എത്തിപ്പെടാനുള്ള പ്രയാസം കാരണം കുട്ടികൾ മറ്റ് സ്കൂളുകൾ തേടി പോകുകയാണ്. കഞ്ഞിപ്പുരയുടെ അവസ്ഥയും ദയനീയമാണ്.

1976ൽ സ്ഥാപിച്ച സ്കൂളിന് പരിമിതിക്കിടയിലും അടുത്തിടെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് കിട്ടിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒന്നര മാസമായി പട്ടത്തുംമൂല കമ്മ്യൂണിറ്റി ഹാളിലാണ് ക്ലാസ് നടക്കുന്നത്.

നവീകരണ പ്രവൃത്തി നടക്കുന്ന ജി.യു.പി.എസ് പനങ്ങാട്