തളിപ്പറമ്പ്: ആറിടത്ത് തീ പിടിത്തം. കഴിഞ്ഞദിവസം ഉച്ചയോടെ നാടുകാണി അൽമഖറിന് സമീപത്തായിരുന്നു ആദ്യത്തെ തീപിടുത്തം. ഇവിടെ മൂന്നേക്കറോളം സ്ഥലത്തെ പുൽമേട് കത്തിനശിച്ചു. വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് കോട്ടക്കുന്നിലെ രണ്ടരയേക്കർ സ്ഥലത്ത് തീപിടിച്ചു. ഇതിനിടെ അള്ളാംകുളം പ്രദേശത്ത് മൂന്നരയോടെ തീപിടിച്ച് ഒരേക്കർ സ്ഥലത്തെ ചെറുമരങ്ങളും പുല്ലുകളും നശിച്ചു. വൈകുന്നേരം 4.30 ന് നടുവിൽ പാലേരിത്തട്ടിൽ രണ്ടേക്കറോളം കശുമാവിൻ തോട്ടം പൂർണ്ണമായി കത്തിനശിച്ചു. 4.45 നാണ് കാഞ്ഞിരങ്ങാട് നിർദ്ദിഷ്ട റവന്യൂ ജില്ലാ ജയിലിന് ഏറ്റെടുത്ത് നിർമ്മാണം നടന്നുവരുന്ന സ്ഥലത്ത് തീപിടുത്തമുണ്ടായത്. ഇവിടെ നിരവധി ചെറുമരങ്ങൾ അഗ്‌നിക്കിരയായി. ഏതാണ്ട് രണ്ടേക്കറോളം സ്ഥലമാണ് ഇവിടെ തീപിടിച്ചത്. രാത്രി എട്ടുമണിയോടെ ശ്രീകണ്ഠപുരം കാക്കണ്ണൻപാറ കലാഗ്രാമത്തിന് സമീപം രണ്ടേക്കർ സ്ഥലം പൂർണമായും കത്തിനശിച്ചു. സ്റ്റേഷൻ ഓഫീസർ പി.വി. അശോകൻ, അസി. സ്‌റ്റേഷൻ ഓഫീസർ ടി. അജയൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകളാണ് തീയണച്ചത്.