kel
സർക്കാർ ഏറ്റെടുത്ത കാസർകോട് കെൽ നവീകരണത്തിന് 20 കോടിയുടെ അനുമതി പത്രം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചെയർമാനും എം ഡിയുമായ മുഹമ്മദ് ഹനീഷിന് കൈമാറുന്നു. എം എൽ എ മാരായ സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, മുൻ എം പി പി. കരുണാകരൻ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്നിവർ സമീപം.

കാസർകോട്: അടച്ചുപൂട്ടിയ നെല്ലിക്കുന്നിലെ ആസ്ട്രൽ വാച്ച് കമ്പനിയുടെ ഭൂമി മറ്റു വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് പരിഗണിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംരംഭകരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഏതുവിധത്തിലുള്ള സ്ഥാപനം വേണമെന്ന് ആലോചിക്കും. പദ്ധതി തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കാസർകോട്ടെ കെൽ നമ്മൾ വീണ്ടും ഏറ്റെടുത്തു. അതിന്റെ എല്ലാ നടപടികളും പൂർത്തീകരിച്ചു. 11.5 കോടി രൂപ നേരത്തെ നൽകിയിരുന്നു. 20 കോടി രൂപ സർക്കാരിന്റെ ആദ്യഗഡു എന്ന നിലയിൽ ഇപ്പോൾ നൽകിയിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ ഉത്പാദനം ആരംഭിക്കാൻ കഴിയും. പരമാവധി തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് സർക്കാർ എടുക്കുക. നഷ്ടത്തിലുള്ള സ്ഥാപനം എന്ന നിലയിലുള്ള പരിമിതികളുമുണ്ട്. മടിക്കൈ പഞ്ചായത്തിൽ വ്യവസായ പാർക്ക് തുടങ്ങുന്നതിനുള്ള നടപടികളും വേഗത്തിലാണ്. ലാഭത്തിലായ ഉദുമ സ്പിന്നിംഗ് മില്ലിൽ കുറെക്കൂടി വൈവിധ്യവൽക്കരണം നടപ്പിലാക്കും. ചീമേനിയിൽ ഐ.ടി പാർക്ക് പ്രായോഗികമല്ലാത്തതിനാലാണ് വ്യവസായ വകുപ്പിന് കൈമാറാൻ തീരുമാനിച്ചത്. ചെറുകിട വ്യവസായികളെ സംരക്ഷിക്കാനുള്ള പദ്ധതികൾ ഉടനെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പടം...സർക്കാർ ഏറ്റെടുത്ത കെൽ നവീകരണത്തിന് 20 കോടിയുടെ അനുമതിപത്രം മന്ത്രി പി. രാജീവ് ചെയർമാനും എം.ഡിയുമായ മുഹമ്മദ് ഹനീഷിന് കൈമാറുന്നു.