കണ്ണൂർ: കക്കാട് -മുണ്ടയാട് റോഡിൽ തെരുവ് വിളക്കില്ലാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കണ്ണൂർ കോർപ്പറേഷനിലെ കക്കാട് വാർഡിലാണ് തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത്. സ്‌പോർട്‌സ് കൗൺസിൽ പണിത സ്വിമ്മിംഗ് പൂൾ റോഡ് മുതൽ പള്ളിപ്രം റോഡ് കയറ്റം തുടങ്ങുന്ന സ്ഥലം വരെയാണ് തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത്. കണ്ണൂർ -മട്ടന്നൂർ സംസ്ഥാന പാത ഒഴിവാക്കി ഗതാഗത തിരക്കുകുറഞ്ഞ കക്കാട് റോഡിലൂടെ മുണ്ടയാട് സബ് സ്റ്റേഷൻ വഴിയാണ് യാത്രക്കാർ അധികവും സഞ്ചരിക്കുന്നത്. മത്സ്യ മാർക്കറ്റും അറവുശാലകളുമുള്ള കക്കാട് ടൗണിൽ രാപകൽ ഭേദമില്ലാതെ തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്. ഈ റോഡിൽ രണ്ട് ഹംപുകളുമുണ്ട്. ഈ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്.

നേരത്തെ ഇവിടെ ഹംപിൽ കയറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു ബൈക്ക് യാത്രികൻ മരിച്ചിരുന്നു. കക്കാട് ജംഗ്ഷൻ മുതൽ തെരുവ് വിളക്കില്ലാത്തതിനാൽ ഇതു സൗകര്യമാക്കിയെടുത്ത് പുഴയിൽ മാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ് ചിലർ. ഇതോടെ സൗന്ദര്യവൽക്കരണം നടക്കുന്ന കക്കാട് പുഴ വീണ്ടും മാലിന്യം തള്ളൽ കേന്ദ്രമായിരിക്കുകയാണ്. പ്രകാശമില്ലാത്ത ഭാഗങ്ങളിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നത്.

കോർപ്പറേഷൻ രൂപീകരണം മുതൽ വലിയ പുരോഗതിയൊന്നുമില്ലാത്ത വാർഡുകളിലൊന്നാണ് കക്കാടെന്ന പരാതിയുമുണ്ട്. പുഴ സൗന്ദര്യവൽക്കരണം, പുതിയ മാർക്കറ്റ് നിർമ്മാണം എന്നിവ ഇപ്പോഴും പാതിവഴിയിലാണ്. പുഴ കൈയേറ്റവും മാലിന്യം തള്ളലും ചെറു മഴ വന്നാൽ പോലും റോഡുകൾ വെള്ളത്തിനടിയിലാകുന്നതും കക്കാട്ടെ ജനങ്ങൾക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചത്. 2018, 2019 കാലങ്ങളിലുണ്ടായ പ്രളയത്തിൽ ഇവിടെ നിന്നും നിരവധി കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്.


രാത്രികാലങ്ങളിൽ ഇരുട്ടിലാകുന്ന കക്കാട് ജംഗ്ഷൻ- പള്ളിപ്രം റോഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ഇതിനായി ത്രീ ഫെയ്‌സ് ലൈൻ വലിക്കേണ്ടതുണ്ട്. കോർപ്പറേഷൻ സഹായത്തോടെ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

കെ.പി.എ സലീം, മുസ്ലീം ലീഗ് അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ്


പുഴാതി വാർഡ് 25 ലും തെരുവുവിളക്കുകളില്ല. ഈ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം. യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ട്. ഹൈമാസ്റ്റില്ലെങ്കിൽ എൽ.ഇ.ഡി ലൈറ്റായാലും മതി.
കേളമ്പേത്ത് പ്രേമരാജൻ, സി.പി.എം എളയാവൂർ ലോക്കൽ കമ്മിറ്റിയംഗം