പഴയങ്ങാടി: ഏഴോം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ ചെങ്ങൽ പണ്ടാരകുളം ശുദ്ധജല വിതരണ പദ്ധതി നിലച്ചിട്ട് രണ്ട് വർഷം. ഒരു പ്രദേശത്തിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിരുന്ന കുളമാണ് ഇന്ന് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ഇരുപതോളം ടാപ്പുകൾ വിവിധ പ്രദേശങ്ങളിലായി ഈ ശുദ്ധജല വിതരണ പദ്ധതിക്കുണ്ടായിരുന്നു.
ഏഴോം പഞ്ചായത്തിന്റെ കീഴിലുള്ള ഈ ശുദ്ധജല പദ്ധതി നാട്ടിലെ വികസന സമിതിയാണ് നോക്കി നടത്തിയിരുന്നത്. ചെങ്ങൽ പ്രദേശം മുതൽ പഴയങ്ങാടി വരെ ശുദ്ധജലമെത്തിക്കാൻ ഈ പദ്ധതി കൊണ്ട് കഴിഞ്ഞിട്ടുണ്ട്. രണ്ട് വർഷം മുമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവൃത്തി മൂലം പൈപ്പുകൾ പൊട്ടിയതാണ് ശുദ്ധജല വിതരണം മുടങ്ങാൻ കാരണമായത്. പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.
കാര്യമായ ശ്രമങ്ങൾ ഒന്നും തന്നെ ഈ പദ്ധതിക്ക് ജീവൻ വയ്ക്കുന്നതിന് ഏഴോം പഞ്ചായത്തോ വാട്ടർ അതോറിറ്റിയോ നടത്തിയില്ല. ഗ്രാമസഭകളിൽ പണ്ടാരകുളം ശുദ്ധജല പദ്ധതി പുനരാരംഭിക്കുന്നതിന് വേണ്ടി ആവശ്യമുയർന്നുവെങ്കിലും ഒന്നും തന്നെ നടന്നില്ല.
പഞ്ചായത്തിലെ അഞ്ചോളം പ്രാദേശിക കുടിവെള്ള പദ്ധതികൾ പഞ്ചായത്ത് മുൻകൈ എടുത്ത് പുനർജീവിപ്പിക്കും. ജലജീവൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ കുടിവെള്ളം എത്തുന്നുണ്ടെങ്കിലും പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാദേശിക ശുദ്ധജല വിതരണം പുനരാംഭിക്കും.
പി. ഗോവിന്ദൻ, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പ്രാദേശിക കുടിവെള്ള പദ്ധതികൾക്ക് പുതുജീവൻ നൽകേണ്ടത് അത്യാവശ്യമാണ്. നിലച്ച് പോയ പദ്ധതികൾ പഞ്ചായത്ത് മുൻകൈ എടുത്ത് പുനഃസ്ഥാപിക്കണം.
പാറയിൽ കൃഷ്ണൻ, ഏഴോം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്