
തളിപ്പറമ്പ് : പൊന്നോമനയുടെ എരിഞ്ഞുതീരാറായ ചിതയിലേക്ക് അമ്മ പുഷ്കല ജനലഴിയിൽ തൊട്ടുനിന്ന് ഒന്നു പാളിനോക്കിയതേയുള്ളൂ. പിടിച്ചുനിൽക്കാനാകാതെ വീണ്ടും കിടക്കയിലേക്ക് തളർന്നുവീണു. വീടിന്റെ മതിലിനപ്പുറം ധീരജിന്റെ ചിത എരിഞ്ഞടങ്ങിയ കാഴ്ചയിൽ വിങ്ങിപ്പൊട്ടിയ അമ്മയുടെ ദൈന്യത കണ്ടുനിന്നവരെയെല്ലാം സങ്കടക്കടലിലാക്കി.
ചൊവ്വാഴ്ച അർദ്ധരാത്രി കഴിഞ്ഞ് ഒന്നരമണിയോടെയാണ് മൃതദേഹം പട്ടപ്പാറ 'അദ്വൈത'ത്തിലെത്തിച്ചത്. വെളുപ്പിന് രണ്ടരയോടെ ചിതയിലേക്കെടുത്തു. വീട്ടിൽ നിന്നു ആറു മീറ്റർ മാത്രം അകലെ ധീരജിന് സ്മാരകം പണിയാനായി സി.പി.എം വിലയ്ക്കുവാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമമൊരുക്കിയത്. മൂന്നാം ദിവസവും മാതാപിതാക്കളുടെയും സഹോദരന്റെയും കണ്ണീർ തോർന്നില്ല. തിങ്കളാഴ്ച ഉച്ചമുതൽ ജലപാനം പോലുമില്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. ബന്ധുക്കളും നാട്ടുകാരും നിർബന്ധിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ വെള്ളം കുടിച്ചത്.
ആശ്വാസവാക്കുകളുമായി പൊതുപ്രവർത്തകരും നാട്ടുകാരും ഇന്നലെയും എത്തി. വീട്ടിലെത്തുന്ന രാഷ്ട്രീയ നേതാക്കളോടെല്ലാം അമ്മ ഇരുകൈകളും ചേർത്ത് അവ്യക്തമായ സ്വരത്തിൽ എന്തൊക്കെയോ പറയുന്നു. ഇടറുന്ന സ്വരം ഇടയ്ക്കിടെ മുറിയുന്നു.
പുഷ്കലയുടെ നെഞ്ചുകീറിയുള്ള നിലവിളിയും ഇടയ്ക്കിടെ ഉയർന്നു. എന്റെ പൊന്നുമോനേ... കുട്ടാ... നീയില്ലാതെ എന്തിനാടാ ജീവിക്കുന്നത്... എന്ന നിലവിളികളിൽ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും കണ്ണീർ വാർത്തു. ധീരജിന്റെ ഉറ്റ സുഹൃത്തുക്കളും സഹപാഠികളുമായ വിദ്യാർത്ഥിനികൾ ഉൾപ്പെടെ 60 ഓളം പേർ ഇടുക്കിയിൽനിന്ന് തളിപ്പറമ്പിൽ എത്തിയിരുന്നു.
സംസ്‌കാരത്തിനുശേഷം നടന്ന അനുശോചനയോഗത്തിൽ സി. പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, ജയിംസ് മാത്യു, പി.പി. ദിവ്യ, ഇടുക്കിയിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചെത്തിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളായ എ.എ.റഹീം, എസ്.സതീഷ്, വി.പി. സാനു, സച്ചിൻ ദേവ് എം.എൽ.എ, സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ്, കെ. സന്തോഷ് തുടങ്ങിയവർ അനുശോചിച്ചു.
സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ല സെക്രട്ടേറിയറ്റംഗം കാരായി രാജൻ, സി.പി.ഐ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ, സത്യൻ മൊകേരി തുടങ്ങിയവരും ഇന്നലെ അന്ത്യോപചാരമർപ്പിക്കാനെത്തി.