കണ്ണൂർ: സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി പുതിയതെരു- കൊറ്റാളി റോഡ് വികസനം സർവേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിറ്റി മെയിൻ റോഡിന് സമീപം നാട്ടുകാർ തടഞ്ഞു. കണ്ണൂർ -പുതിയതെരു -കൊറ്റാളി -കുന്നുംകൈ റോഡാണ് വീതി കൂട്ടുന്നത്. റോഡിന്റെ ഇരുവശത്തുമായി ഏഴ് മീറ്ററാണ് വീതി കൂട്ടുന്നത്. ഇതോടെ വികസനത്തിന്റെ ഭാഗമായി 200 ഓളം വീടുകൾ ഭാഗികമായി നഷ്ടപ്പെടും. വീതിക്കൂട്ടുന്നത് 14 മീറ്റർ എന്നുള്ളത് 10 മീറ്റർ ആക്കി ചുരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ സർവേക്കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടയുകയായിരുന്നു. റോഡിന്റെ തുടക്കത്തിലുള്ള വളവ് പോലും പരിഹരിക്കാതെ ജനങ്ങൾ താമസിക്കുന്നിടത്ത് അനാവശ്യ വികസനം കൊണ്ടുവന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. പിന്നീട് പൊലീസിന്റെ സംരക്ഷണത്തിലാണ് ഉദ്യോഗസ്ഥർ സർവേ കല്ലുകൾ സ്ഥാപിച്ചത്. റോഡ് വികസനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ജനകീയ ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.