കൂത്തുപറമ്പ്: അഞ്ചരക്കണ്ടി പുഴയിലെ മമ്പറം, പാറപ്രം എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന ബോട്ട് ജെട്ടികളുടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. മലബാർ റിവർ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് അഞ്ചരക്കണ്ടി പുഴയിൽ നാല് ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നത്. മമ്പറം, പാറപ്രം, ചിറക്കുനി, ചേരിക്കൽ എന്നിവിടങ്ങളിലായാണ് ബോട്ട് ടെർമിനലുകളുടെ നിർമ്മാണം. പത്ത് കോടിയോളം രൂപ ചെലവിലാണ് മലബാറിന്റെ മുഖഛായ മാറാൻ ഉതകുന്ന പദ്ധതി നടപ്പിലാക്കുന്നത്. എല്ലാതരത്തിലുമുള്ള ബോട്ടുകൾക്കും അഞ്ചരക്കണ്ടി പുഴയിലൂടെ സഞ്ചരിക്കാമെന്നതാണ് സവിശേഷത. ഇതിനുതകുന്ന തരത്തിലാണ് ബോട്ട് ജെട്ടികൾ ക്രമീകരിച്ചിട്ടുള്ളത്. ബോട്ടു ജെട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. മാർച്ച് 31നകം പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മലബാറിലെ ടൂറിസം മേഖല വൻ കുതിപ്പിനായിരിക്കും സാക്ഷ്യം വഹിക്കുക.