മാഹി: മയ്യഴിക്കാർക്ക് ഇന്ന് അവിസ്മരണീയമായ ഒരോർമ്മ പുതുക്കലിന്റെ നാളാണ്. രാഷ്ട്രപിതാവ് മഹാത്മജിയുടെ മയ്യഴി സന്ദർശനത്തിന്റെ ജ്വലിക്കുന്ന സ്മരണകളിരമ്പുന്ന ദിനമാണിന്ന്. 1934 ജനുവരി 13നായിരുന്നു പുത്തലം ഭഗവതി ക്ഷേത്രാങ്കണത്തിൽ ഗാന്ധിജി സന്ദർശനം നടത്തിയിരുന്നത്. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി നടത്തിയ ഈ സന്ദർശനവേളയിലാണ് സി.കെ രേവതിയമ്മ തന്റെ സ്വർണ്ണാഭരണങ്ങൾ മയ്യഴിയിൽ വച്ച് ഊരി ഗാന്ധിജിക്ക് സമർപ്പിച്ചിരുന്നത്.
ഗാന്ധിജി മാത്രമല്ല, കുമാരനാശാനും, വാഗ്ഭടാനന്ദനുമെല്ലാം വന്നെത്തിയ ഈ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് ഇതേ ദിവസം തന്നെ, ഗാന്ധിജിയേയും, ശ്രീനാരായണ ഗുരുവിനേയും നെഞ്ചേറ്റി ജീവിച്ച കെ.പി.എ റഹിം മാസ്റ്റർ അന്ത്യശ്വാസം വലിച്ചത്. ഗാന്ധി സന്ദർശനത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് റഹിം മാസ്റ്റർ കുഴഞ്ഞ് വീണ് മരിച്ചത്. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ' ഗുരു സന്ദേശം ഒരു ജീവിതകാലം മുഴുവൻ പ്രചരിപ്പിച്ച് നടന്ന ശ്രീനാരായണീയനായ ഈ ഗാന്ധിയന്, തന്റെ ജീവിതാവസാനവും ഒരു നിയോഗമായിരുന്നു. ഗാന്ധി തൊപ്പിയണിഞ്ഞെത്തിയ ഒട്ടേറെ ഗാന്ധിയൻമാരും, ശിഷ്യരും കണ്ടും, കേട്ടുമിരിക്കെയാണ് റഹിം മാസ്റ്റർ, വികാരഭരിതമായി പ്രസംഗിച്ചത്. മുസ്ലിം സമുദായത്തിൽ പിറന്ന്, മതേതരവാദിയായി മാറിയ റഹിം മാസ്റ്റർ, ഹൈന്ദവ ക്ഷേത്രാങ്കണത്തിൽ കുഴഞ്ഞ് വീണപ്പോൾ, ഒടുവിലായി കുടിവെള്ളം നൽകിയത് ക്രിസ്തു മതക്കാരിയായ ജോയമ്മ ടീച്ചറായിരുന്നുവെന്നത് യാദൃശ്ചികമാവാം.
ഇന്ന് കാലത്ത് ഒൻപത് മണിക്ക് സർക്കാർ ജീവനക്കാരുടെ സംഘടനയായ സി.എസ്.ഒ പുത്തലം ക്ഷേത്രാങ്കണത്തിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിപാടിയിൽ തന്നെയായിരുന്നു ആയിരക്കണക്കിന് വേദികളെ ഇളക്കിമറിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത റഹിം മാസ്റ്റരുടെ മരണത്തിന് തൊട്ടുമുമ്പുള്ള 2019ലെ പ്രസംഗവും, പുതുതലമുറക്കുള്ള മുന്നറിയിപ്പ് പോലെ മയ്യഴിക്കാർ ശ്രവിച്ചത്.