jeep
കാട്ടാന തകർത്ത വനം വകുപ്പീന്റെ ജീപ്പ്

ഇരിട്ടി: ജനവാസ മേഖലയിൽ ഭീതിവിതച്ച് അത്തിത്തട്ട് ഊവ്വാപ്പള്ളി മേഖലയിൽ കാട്ടാന എത്തി. ആറളം വന്യജീവി സങ്കേതവും കഴിഞ്ഞ് 20 കിലോമീറ്റർ ദൂരെയുള്ള പ്രദേശത്ത് കാട്ടാന എത്തിയതോടെ ജനങ്ങളൊന്നാകെ പരിഭ്രാന്തിയിലായി. 10 മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച കാട്ടാനയെ തുരത്തി വിടുന്നതിനിടെ വനംവകുപ്പിന്റെ ജീപ്പ് തകർത്തു. അതിലുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇരിട്ടി നഗരസഭാ പരിധിയിൽപ്പെട്ട ഊവ്വാപ്പള്ളി, അത്തിത്തട്ട്‌ മേഖലയിൽ ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് കാട്ടാന എത്തിയത്. ആറളം ഫാം കാർഷിക മേഖലയിൽ തമ്പടിച്ച കാട്ടാനകളിൽ ഒന്നാണ് അത്തിത്തട്ട് മേഖലയിൽ എത്തിയത്. ഊവ്വപ്പള്ളിയിൽലാണ് ആദ്യം കൊമ്പനാനയെ കാണുന്നത്. പിന്നീട് അത് അത്തിത്തട്ടിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് നീങ്ങി. വനംവകുപ്പ് അധികൃതരും പൊലീസും നഗരസഭ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
ഇരിട്ടി -പേരാവൂർ റോഡും, മലയോര ഹൈവേയുടെ ഭാഗമായ എടൂർ -മണത്തണ റോഡും കടന്നാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. ആദ്യം രാവിലെ 10 മണിയോടെ തുരത്തി ഫാമിലേക്കു വിടാനുള്ള ശ്രമം നടത്തിയെങ്കിലും ആന ഭീതിവിതച്ച് പറമ്പിൽ വിരണ്ടോടിയതോടെ അതിനുള്ള ശ്രമം ഉപേക്ഷിച്ചു.
ആനയെ നിരീക്ഷിച്ചു നിന്ന വനപാലകർ ഒടുവിൽ അതിസാഹസികമായി വൈകുന്നേരം 4 മണിയോടെ ഇരിട്ടി പേരാവൂർ റോഡ് കടത്തി പായം കടവ് ഭാഗത്തേക്ക് ആനയെ തുരത്തി വിടുകയായിരുന്നു.

പ്രദേശത്താകെ മുന്നറിയിപ്പും കനത്ത സുരക്ഷയും ഒരുക്കി

ഇരിട്ടി -പേരാവൂർ റോഡിൽ ഗതാഗതം തടഞ്ഞു

തുരത്താൻ തന്ത്രങ്ങളൊരുക്കി

ആളൊഴിഞ്ഞ പറമ്പിൽ നിന്നും പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. അത്തിത്തട്ട് റോഡിൽ നിന്നും ഇരിട്ടി -പേരാവൂർ റോഡ് കടത്തി ചാക്കാട് റോഡ് വഴി പുഴയിലേക്ക് കടത്താനായിരുന്നു പദ്ധതി. എന്നാൽ മെയിൻ റോഡിൽ എത്തിയപാടെ ആന ചാക്കാട് റോഡിൽ പ്രവേശിക്കാതെ ഊവ്വാപ്പള്ളി ഭാഗത്തേക്ക് തിരിഞ്ഞു. വീണ്ടും ആന റോഡിലൂടെ ഇരിട്ടി ഭാഗത്തേക്ക് തിരിഞ്ഞ് സമീപത്തെ വീട്ടുറമ്പിലൂടെ പായം കടവ് റോഡ് വഴി പുഴയിലേക്ക് ഇറങ്ങി. അവിടെ നിന്നും ചാക്കാട് വഴി ആറളം പാലത്തിനടിയിലൂടെ ആറളം ഫാമിലേക്ക് കടന്നു.

വനംവകുപ്പ് ജീപ്പിൽ അരിശം തീർത്തു

തുരത്തലിനിടെ ചാക്കാട് റോഡരികിൽ നിർത്തിയ വനം വകുപ്പിന്റെ ജീപ്പ് ആന ആക്രമിച്ചു. ആ സമയം ജീപ്പിൽ സുരക്ഷാ നിർദ്ദേശം നൽകി കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്തും ഡ്രൈവറും ഉണ്ടായിരുന്നു. ജീപ്പിന്റെ മുൻഭാഗം ആന കുത്തി പൊക്കി അവിടെ തന്നെ ഇട്ടു. രണ്ടാമതും കുത്താനുള്ള ശ്രമത്തിനിടയിൽ ബഹളം കേട്ട് ആനയുടെ ശ്രദ്ധതിരിഞ്ഞു. ഇതാണ് ഇരുവർക്കും രക്ഷയായത്. അവിടെ ഉണ്ടായിരുന്ന ഇരിട്ടി എസ്.ഐ ദിനേശൻ കൊതേരിയും മറ്റ് പൊലീസുകാരും വാനപാലകരും ഓടിക്ഷപ്പെട്ടു.