daily
കണ്ണൂർ സൂപ്പർ മാർക്കറ്റിനുള്ള ടോപ്പ് സെയിൽ പെർഫോമൻസ് ഉപഹാരം മന്ത്രി ജി.ആർ. അനിൽ ഔട്ട്‌ലെറ്റ് ഇൻ ചാർജ്ജ് കെ.വി ബിജുവിന് സമ്മാനിക്കുന്നു

കണ്ണൂർ: സപ്ലൈകോ വില്പനശാലകളിൽ നേട്ടവുമായി കണ്ണൂർ സൂപ്പർ മാർക്കറ്റ്. ഇക്കഴിഞ്ഞ ഡിസംബർ മാസം സംസ്ഥാനത്തെ 1617 വില്പനശാലകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് കണ്ണൂർ ടൗൺ ഫോർട്ട് റോഡിലുള്ള കണ്ണൂർ സൂപ്പർ മാർക്കറ്റാണ്. 80 ലക്ഷം രൂപയുടെ വിറ്റുവരവാണ് നടത്തിയതെന്ന് കണ്ണൂർ ഡിപ്പോ മാനേജരുടെ ചുമതല വഹിക്കുന്ന മാധവൻ പോറ്റി അറിയിച്ചു.

80 ലക്ഷം വിറ്റുവരവിൽ 14 ലക്ഷം മാത്രമാണ് സബ്‌സിഡി ആയി നൽകിയത്. 66 ലക്ഷം പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന മറ്റു സാധനങ്ങൾ ആണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും സപ്ലൈകോയെ കൈവിടാത്ത ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഇതെന്ന് ഔട്ട്‌ലെറ്റ് ഇൻ ചാർജ്ജ് കെ.വി ബിജു പറഞ്ഞു. ഇന്നു മുതൽ ഓൺലൈൻ ഷോപ്പിംഗ് എന്ന പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കണ്ണൂർ സൂപ്പർ മാർക്കറ്റിലാണ് ഇതിന്റെയും തുടക്കം. കണ്ണൂർ പൊലീസ് സഭാഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഓൺലൈൻ ഷോപ്പിംഗ് ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ സൂപ്പർ മാർക്കറ്റിനുള്ള ടോപ്പ് സെയിൽ പെർഫോമൻസ് ഉപഹാരം മന്ത്രി ഔട്ട്‌ലെറ്റ് ഇൻ ചാർജ്ജ് കെ.വി ബിജുവിന് സമ്മാനിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, മേയർ ടി.ഒ മോഹനൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സപ്ലൈകോ മേഖലാ മാനേജർ രഘുനാഥ് സ്വാഗതവും ഡിപ്പോ മാനേജർ ജി. മാധവൻ പോറ്റി നന്ദിയും പറഞ്ഞു.