കണ്ണൂർ: ബീ ത്രി എം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന 'ബുള്ളറ്റ് ഡയറീസ് ' എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും നാളെ രാവിലെ എട്ടിന് എം.എൽ.എ ടി.എെ. മധുസൂദനൻ നിർവഹിക്കും. കാപ്പിമല സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് മാളക്കാരൻ ഫസ്റ്റ് ക്ലാപ് നിർവഹിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സന്തോഷ് മണ്ടൂരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. പ്രവാസികളായ നോബിൻ മാത്യു, പ്രമോദ് മാട്ടുമ്മൽ, മിനു തോമസ് എന്നിവരാണ് നിർമ്മാതാക്കൾ. കട്ടപ്പനയിൽ നിന്നും കുടിയേറ്റ ഗ്രാമമായ ആലക്കോട് വന്നു താമസിക്കുന്ന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായ രാജു ജോസഫിന്റെ ബുള്ളറ്റിനോടുള്ള ഭ്രാന്തമായ അഭിനിവേശംകാരണം അയാളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമയിലൂടെ പറയുന്നത്. ധ്യാൻ ശ്രീനിവാസൻ, പ്രയാഗാ മാർട്ടിൻ, രഞ്ജി പണിക്കർ, ജോണി ആന്റണി, സലീംകുമാർ, ആൻസെൻ പോൾ, അൽത്താഫ് സലീം, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, നിഷ സാരംഗ്, മനോഹരി എന്നിവരാണ് സിനിമയിൽ വേഷമിടുന്നത്.

16 ന് രാവിലെ പത്തിന് റോഡ് സുരക്ഷ, ജീവൻ രക്ഷ എന്ന സന്ദേശവുമായി കണ്ണൂരിലെ അമ്പതോളം ബുള്ളറ്റ് റൈഡേഴ്സ് സെന്റ് മൈക്കിൾ സ്‌കൂൾ മുതൽ കാപ്പിമല സിനിമ ലോക്കേഷനിലേക്ക് ബുള്ളറ്റ് റൈഡ് നടത്തും. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.ടി. പത്മലാൽ ഫ്‌ളാഗ് ഓഫ് ചെയ്യും. വാർത്താസമ്മേളനത്തിൽ സംവിധായകൻ സന്തോഷ് മണ്ടൂർ, നിർമ്മാതാക്കളായ നോബിൻ മാത്യു, മിനു തോമസ് എന്നിവർ സംബന്ധിച്ചു.