കണ്ണൂർ: എടക്കാട് സോണൽ ആറ്റടപ്പ ഡിവിഷനിലെ ഡയാലിസിസ് സെന്റർ റോട്ടറി ക്ലബ് ഓഫ് കാനനൂർ എറ്റെടുത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ച് കൗൺസിൽ ഹാളിൽ നിന്നിറങ്ങിപ്പോയി. കോർപ്പറേഷൻ തന്നെ ഡയാലിസിസ് സെന്റർ ഏറ്റെടുത്ത് നടത്തണമെന്നാവശ്യപ്പെട്ടാണ് ഏറെ നേരത്തെ തർക്കത്തിനൊടുവിൽ യോഗം ബഹിഷ്‌ക്കരിച്ച് അംഗങ്ങൾ ഇറങ്ങിപ്പോയത്. കോർപ്പറേഷന് ഫണ്ടിന്റെ കുറവുണ്ടെന്നും അതിനാൽ ഏറ്റെടുത്ത് നടത്താൻ ഒരു സംഘടന മുന്നോട്ട് വരുമ്പോൾ കോർപ്പറേഷൻ അതിന് സമ്മതം നൽകേണ്ടതുണ്ടെന്നും മേയർ ടി.ഒ മോഹനൻ പറഞ്ഞു.

മാസങ്ങളായി ഡയാലിസിസ് സെന്റർ അടഞ്ഞ് കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതുതായി നാല് ഡയാലിസിസ് മെഷീൻ ഉൾപ്പെടെ ഒരുക്കി സ്വന്തം നിലയിൽ സ്റ്റാഫിനെ നിയോഗിച്ച് കോർപ്പറേഷൻ നിശ്ചയിക്കുന്ന മാതൃകയിൽ ഇത് ഏറ്റെടുത്ത് നടത്താൻ റോട്ടറി ക്ലബ് മുമ്പോട്ട് വന്നത്. തണൽ സ്‌നേഹവീടും ഈ ആവശ്യമുന്നയിച്ചിരുന്നു. ഡിസംബർ 31ന് മുമ്പ് അന്തിമ തീരുമാനമെടുത്ത് ഡയാലിസിസ് സെന്റർ പ്രവർത്തന സജ്ജമാക്കുമെന്നാണ് കഴിഞ്ഞ കൗൺസിലിൽ തീരുമാനിച്ചത്. മേയർ ടി.ഒ മോഹനൻ അദ്ധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി മേയർ കെ. ഷബീന, എൻ. സുകന്യ സംസാരിച്ചു.

ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന ഗുണഭോക്താക്കളുടെ വിവരങ്ങൾ സേവന ആപ്ലിക്കേഷനിൽ രേഖപ്പെടുത്തണമെന്ന തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടണം. പത്തുദിവസത്തിനുള്ളിൽ രേഖയുമായി ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യം കണക്കിലെടുക്കണം.

കെ. ഷമീമ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ

പെൻഷൻ തുക 1600 രൂപയിലെത്തിയത് ഇപ്പോഴാണ്. പെൻഷൻ തുക വർദ്ധിപ്പിച്ചപ്പോഴാണ് കൂടുതൽ ആളുകൾ പെൻഷൻ ലഭിക്കാൻ അപേക്ഷയുമായെത്തിയത്. കൃത്യമായി ഇപ്പോൾ തുക ലഭിക്കുന്നുമുണ്ട്. തുക വർദ്ധിപ്പിച്ചതുകൊണ്ടാണ് ഇത്രയും ഡാറ്റ സർക്കാർ ആവശ്യപ്പെടുന്നത്.

എൻ. സുകന്യ,​ എൽ.ഡി.എഫ് കൗൺസിലർ