ഓർമ്മയാകുന്നത് മനോഹരമായ കെട്ടിട സമുച്ചയം
കണ്ണൂർ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മുണ്ടയാടുള്ള കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസ് ഭാഗികമായി പൊളിച്ചുമാറ്റി. വർഷങ്ങളുടെ പഴക്കമുള്ള ഗസ്റ്റ് ഹൗസാണ് പൊളിച്ചുമാറ്റിയത്. 2012ൽ ദേശീയപാതയ്ക്കായി ഈ സ്ഥലവും കെട്ടിടവും അക്വയർ ചെയ്തിരുന്നു. പള്ളിപ്രം ഭാഗത്തൂടെ ദേശീയപാതാ നിർമ്മാണത്തിന്റെ സ്ഥലമൊരുക്കൽ തുടങ്ങിയതോടെയാണ് കെ.എസ്.ഇ.ബി മുണ്ടയാട് സബ് സ്റ്റേഷനു സമീപമുള്ള ഗസ്റ്റ് ഹൗസ് പൊളിച്ചുനീക്കാൻ തുടങ്ങിയത്. സംസ്ഥാനത്ത് തന്നെ കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസുകളിൽ
ഏറ്റവും മനോഹരമായ കെട്ടിട സമുച്ചയമായിരുന്നു ഇത്.
മികച്ച പരിപാലനം കൊണ്ട് ഏറേ പഴക്കമൊന്നും തോന്നാതെ നിലനിർത്താനും ചുറ്റും മരങ്ങൾ വെച്ചുപിടിപ്പിച്ചു മികച്ച ലാൻഡ് സ്‌കേപ്പൊരുക്കാനും ബോർഡ് അധികൃതർക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരം ഐ.ബി വഴി ബുക്ക് ചെയ്യുന്നവർക്ക് താമസിക്കാൻ നിരവധി മുറികളും ഭക്ഷണശാലകളും ഹാളുമടങ്ങുന്ന ഇവിടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യവും ഒരുക്കിയിരുന്നു. വകുപ്പ് മന്ത്രി, ബോർഡ് ഉന്നത ഉദ്യോഗസ്ഥൻമാർ എന്നിവരൊക്കെ കണ്ണൂരിലെത്തിയാൽ ഇവിടെയായിരുന്നു തങ്ങിയിരുന്നത്. ഗസ്റ്റ്ഹൗസിന്റെ പരിപാലനത്തിനും ഇവിടെയെത്തുന്നവർക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനുമായി ഒരു കെയർടേക്കറെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. ബോർഡിന് നല്ല വരുമാനം നേടിക്കൊടുത്തിരുന്ന ഒരു വിശ്രമകേന്ദ്രം കൂടിയാണിത്. സർക്കാരിന്റെ തന്നെ മറ്റു വകുപ്പുകൾക്ക് മീറ്റിംഗ് നടത്താനുള്ള സ്ഥലവും ഭക്ഷണവും ചുരുങ്ങിയ ചെലവിൽ ഈ ഗസ്റ്റ്ഹൗസിൽ ലഭ്യമായിരുന്നു.
ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി പള്ളിപ്രം ഭാഗത്തെ ഒട്ടനവധി വീടുകളും കടകളും പൊളിച്ചു കഴിച്ചു. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മുണ്ടയാട് കോഴി ആപ്പീസും ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഇതിനു സമീപത്തുള്ള കടകളും വീടുകളും പൊളിച്ചിട്ടുണ്ട്.
പുതിയ ഗസ്റ്റ് ഹൗസ് ബർണശേരിയിൽ
ദേശീയപാതാ വികസനത്തിനായി ഗസ്റ്റ് ഹൗസ് പൊളിച്ചുനീക്കുമ്പോൾ കനത്തനഷ്ടമാണ് കെ.എസ്.ഇ.ബിക്കും നേരിടേണ്ടി വരുന്നത്. മുണ്ടയാട്ടെ ഗസ്റ്റ്ഹൗസിന് പകരം കണ്ണൂർ നഗരത്തിലെ ബർണശേരിയിലാണ് പകരം ഗസ്റ്റ് ഹൗസ് ഒരുങ്ങുന്നത്. ഇവിടെ കെ.എസ് ഇ.ബി സെക്ഷൻ ഓഫീസിനടുത്തുള്ള സ്ഥലം ഇതിനായി ഉപയോഗിക്കുന്നു. ഇവിടെ സ്ഥലപരിമിതികളുള്ളതുകൊണ്ട് വളരെ ചുരുങ്ങിയ കെട്ടിടമാണ് പണിതുവരുന്നത്. താമസിക്കാൻ മുറികളും കുറവായിരിക്കും.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി അക്വയർ ചെയ്ത സ്ഥലങ്ങളിൽ നിന്നും പ്രദേശവാസികൾ കുടിയൊഴിഞ്ഞിട്ടുണ്ട്. പള്ളിപ്രം ഭാഗത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതിന് എത്രയോ കാലം മുൻപ് തന്നെ ആളുകൾ സ്ഥലം മാറി പോയിട്ടുണ്ട്.
അജയകുമാർ, പ്രദേശവാസി