കണ്ണൂർ: ജില്ലയിൽ 51 റേഷൻ കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കി പുതിയ ലൈസൻസിക്കായി വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. കളക്ടറേറ്റ് കോൺഫൻസ് ഹാളിൽ നടന്ന ജില്ലയിലെ റേഷൻ കട ഉടമകളുടെ അദാലത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നാല് റേഷൻ കടകളുടെ ലൈസൻസ് അനന്തരാവകാശികൾ ഇല്ലാത്തതിനാൽ റദ്ദാക്കി പുതിയ വിജ്ഞാപനം നടത്താൻ അദാലത്തിലാണ് തീരുമാനിച്ചത്. അദാലത്തിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നേരിട്ട് 39 പരാതികൾ തീർപ്പാക്കി. നേരത്തെ നടപടികൾ പൂർത്തിയാക്കിയ കടകൾ ഉൾപ്പെടെ 76 അപേക്ഷകളാണ് തീർപ്പാക്കിയത്. അനന്തരാവകാശ നിയമപ്രകാരം 12 റേഷൻ കടകൾക്ക് അദാലത്തിൽ ലൈസൻസ് അനുവദിച്ചു. 13 റേഷൻ കട ഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചു. ക്രമക്കേട് കാരണം ലൈസൻസ് റദ്ദാക്കിയ 10 കടകളുടെ ലൈസൻസ് പിഴ ഈടാക്കി പുനഃസ്ഥാപിച്ചു. ഇവയിൽ ഒരു വർഷക്കാലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടാവും.
പട്ടികവർഗ വിഭാഗക്കാർക്ക് റേഷൻ വാങ്ങാൻ ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്നത് പരിഗണിച്ച് സഞ്ചരിക്കുന്ന റേഷൻകട പദ്ധതി ആരംഭിക്കാനായി ക്വട്ടേഷൻ സ്വീകരിച്ച് നടപടി എടുത്തുവരുന്നു. അദാലത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ഉത്തരമേഖലാ റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ കെ. മനോജ്കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ. അജിത്കുമാർ എന്നിവർ സംസാരിച്ചു.