കണ്ണൂർ: തീരദേശ റോഡുകളുടെ നവീകരണ പദ്ധതി പ്രകാരം ഹാർബർ എൻജിനീയറിംഗ് വകുപ്പ് പൂർത്തീകരിച്ച ജില്ലയിലെ 30 റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. തീരദേശ മേഖലയിലെ പശ്ചാത്തല വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വരുന്ന അഞ്ച് വർഷം കൊണ്ട് ബഹുഭൂരിപക്ഷം തീരദേശ റോഡുകളുടെയും വികസനം യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 80 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പ് വരുത്താനും നഷ്ടപരിഹാരം നൽകാനും നടപടി കൈക്കൊണ്ടതായി മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക അദാലത്തുകൾ നടത്തിയതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ ചീഫ് എൻജിനീയർ ജോമോൻ ജോസ് സ്വാഗതം പറഞ്ഞു.
ധർമ്മടം മണ്ഡലത്തിലെ നാല്, തലശ്ശേരി മണ്ഡലത്തിലെ മൂന്ന്, കണ്ണൂർ മണ്ഡലത്തിലെ 10, പയ്യന്നൂർ മണ്ഡലത്തിലെ എട്ട്, കല്ല്യാശ്ശേരി മണ്ഡലത്തിലെ നാല് റോഡുകളുടെയും അഴീക്കോട് മണ്ഡലത്തിലെ ഒരു റോഡിന്റെയും ഉദ്ഘാടനമാണ് നടത്തിയത്. 13.27 കോടി രൂപ ചെലവിൽ 27.72 കിലോ മീറ്റർ റോഡാണ് പൂർത്തിയാക്കിയത്. ഓരോ മണ്ഡലത്തിലും ഉദ്ഘാടന പരിപാടികളും നടത്തി.