level-cross

പാലക്കുന്ന്: രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ട നിലകൊള്ളുന്ന നാടിന് നാണക്കേടായി കോട്ടിക്കുളം റെയിൽവേ ലെവൽ ക്രോസിംഗ്. ദേശീയപാതയും തീരദേശ പാതയുമായി ബന്ധപ്പെടുത്തുന്ന ഈ കോട്ടിക്കുളം സ്റ്റേഷനോടു ചേർന്ന കുരുക്ക് ഒഴിവാക്കുമെന്ന വാഗ്ദാനത്തിന് 15 വർഷത്തെ പഴക്കം. കുരുക്ക് ഒഴിവാക്കിക്കിട്ടാൻ ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണ് നാട്ടുകാർ.

കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിനു മധ്യത്തിലാണ് പാലക്കുന്നിലുള്ള റെയിൽവേ ലവൽ ക്രോസിംഗ്. ട്രെയിനുകൾ കടന്നു പോയ ശേഷം ഗേറ്റു തുറക്കുന്നതു വരെ ഇരുഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ടനിരയാണ് ഏതുനേരവും

ഭൂമി വിട്ടുകൊടുത്തിട്ടും
ഉടമകൾ ഭൂമി വിട്ടു കൊടുത്തിട്ടും നിർദിഷ്ട മേൽപാലം നിർമാണത്തിനു ടെൻഡർ ക്ഷണിക്കുന്നതു വൈകുകയാണ്. റെയിൽവേയുടെ അനുമതി കിട്ടാത്തതാണ് ടെൻഡർ നടപടി വൈകാൻ കാരണമെന്ന് കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ പറയുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു മേൽപാലം നിർമിക്കാനാണ് സർക്കാർ റോഡ്‌സ് ആന്റ് ബ്രിജസ് കോർപറേഷനെ ഏൽപ്പിച്ചത്. 19.60 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. 15 വർഷം മുൻപ് റെയിൽവേ നേരത്തെ 2.47 കോടി രൂപ നൽകി 0.4739 ഹെക്ടർ ഭൂമി വാങ്ങുകയും ചെയ്തു. ഇതിന്റെ വില തിരികെ നൽകണമെന്ന് റെയിൽവേ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പണം നൽകുമ്പോൾ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനു കൈമാറണമെന്ന സംസ്ഥാന സർക്കാർ ആവശ്യം അംഗീകരിക്കാത്തതും വിനയായി.

 നാട്ടുകാർ സമരരംഗത്തി
മേൽപാലത്തിനായി ജനകീയ കൂട്ടായ്മ രൂപീകരിച്ച് ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം. എം.പി, എം.എൽ.എ, ത്രിതല തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ എന്നിവരെ മുന്നിൽ നിർത്തി സമരം ആരംഭിക്കും. റെയിൽവേയുടെ അനുമതി നീണ്ടു പോയാൽ റെയിൽവേ ഡിവിഷൻ ഓഫിസിനു മുന്നിൽ സമരം തുടങ്ങും. ഭൂമി ഏറ്റെടുക്കാനും പ്രോജക്ട് തയാറാക്കാനും വൻ തുക മുടക്കി സാമ്പത്തിക ബാധ്യത വരുത്തിയത് സി.എ.ജിയുടെ ശ്രദ്ധയിൽപ്പെടുത്തുക, പൊതു താൽപര്യഹർജിയിലൂടെ നിയമ നടപടികൾ ആരംഭിക്കുക എന്നിവ വഴി മേൽപാലം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ജനകീയ കൂട്ടായ്മ.