കണ്ണൂർ: കുട്ടികളിലെ മാനസിക, ശാരീരികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തിൽ കൗൺസലിംഗ് സംവിധാനം ഒരുക്കുന്നതിന് നടപടി ആരംഭിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. കെ.വി മനോജ് കുമാർ അറിയിച്ചു. കണ്ണൂരിൽ ലൈബ്രറി കൗൺസിൽ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുമായി സഹകരിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ന് കളക്ടറേറ്റ് മൈതാനിയിലെ പുസ്തകോത്സവ വേദിയിൽ ' മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം' എന്ന പേരിൽ കുട്ടികളുമായി സംവാദം ഒരുക്കിയിട്ടുണ്ട്. മജീഷ്യൻ മുതുകാടാണ് കുട്ടികളുമായി സംവദിക്കുക.
കൊവിഡ് കാലം കുട്ടികളിൽ ഉണ്ടായിട്ടുള്ള മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് കമ്മീഷൻ പഠനങ്ങൾ നടത്തുകയും റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർ നടപടികൾ ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയും ബോധവൽക്കരണ പരിപാടികൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സ്‌കൂളുകളെയും കമ്മീഷൻ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചായിരിക്കും ഈ പ്രവർത്തനം.
ലൈബ്രറി നവീകരണ വ്യാപന മിഷൻ ചെയർമാൻ ഡോ. വി ശിവദാസൻ എം.പി, കോ-ഓർഡിനേറ്റർ ടി.കെ ഗോവിന്ദൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി.കെ വിജയൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി. അംഗം എം.കെ രമേഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.