
കണ്ണൂർ: കണ്ണൂരിന്റെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച 27.59 കോടിയുടെ മേലെചൊവ്വ അണ്ടർപാസിന് വേണ്ടുന്ന സ്ഥലം സർക്കാർ പൂർണ്ണമായും ഏറ്റെടുത്തുകഴിഞ്ഞു . 52 സെന്റ് സ്ഥലവും 51 ഓളം കെട്ടിട ങ്ങളും 15. 30 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് ഏറ്റെടുത്തിരിക്കുന്നത് . കണ്ണൂർ- തലശ്ശേരി റൂട്ടിൽ മേലെചൊവ്വ ജംഗ്ഷനിൽ 310 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലുമാണ് അണ്ടർപാസ് നിർമ്മിക്കുന്നത് .
അണ്ടർ പാസിന് പുറത്ത് രണ്ട് സൈഡിലും 5.5 മീറ്റർ വീതിയിൽ സർവ്വീസ് റോഡും 1.5 മീറ്റർ വീതിയിൽ ഡ്രൈനേജിനോടുകൂടിയ നടപ്പാതയും ഈ പദ്ധതിയിൽ ഉണ്ട് . വാടകക്കാർക്ക് രണ്ടുലക്ഷം രൂപ പുനസ്ഥാപന അലവൻസും തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആറു മാസത്തേക്ക് 6000 രൂപ വീതം ഉപജീവന ബത്തയും ഇതിന്റെ ഭാഗമായി നൽകി കൊണ്ടാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത് . അണ്ടർ പാസ് നിർമ്മാണത്തിന് 16.39കോടിയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നൽകിയത് എന്നാൽ പി.ഡബ്ല്യു. ഷെഡ്യൂളിൽ വന്ന വർദ്ധന പ്രകാരം പ്രവൃത്തിയുടെ എസ്റ്റിമേറ്റ് 19. 20 കോടി വർദ്ധിക്കും. ഇതിനുള്ള അംഗീകാരം അടുത്ത കിഫ്ബി യോഗത്തിൽ ലഭിക്കും. അനുമതി ലഭ്യമായാൽ ഉടൻ തന്നെ ടെൻഡർ നടപടയിലേക്ക് കടക്കും .
തെക്കി ബസാർ ഫ്ളൈ ഓവർ സ്ഥലമെടുപ്പ് മൂന്നു മാസത്തിനകം
കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട തെക്കിബസാർ ഫ്ളൈ ഓ വറിന് ( സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനം മൂന്നുമാസം കൊണ്ട് പൂർത്തിയാക്കും . 738 കോടി ചിലവിൽ നഗരത്തിലെ 11 റോഡുകൾ വികസിപ്പിക്കുന്ന സിറ്റിറോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കലും പുരോഗമിക്കുകയാണ്.ഇവയിൽ ഏഴ് റോഡുകളുടെ ടെൻഡർ പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണ് സർക്കാർ. കണ്ണൂരിന്റെ ഗതാഗതപ്രശ്നം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്നാണ് ഈ പദ്ധതികൾ തയ്യാറായത്.