ആലക്കോട്: സംസ്ഥാനത്ത് മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നത് മലയോര മേഖലയിലാണ്. അടിസ്ഥാന വികസനത്തിൽപ്പെട്ട റോഡുകളുടെ നവീകരണപ്രവൃത്തികൾ പോലും കഴിഞ്ഞ അഞ്ചോ പത്തോ വർഷങ്ങൾക്കുള്ളിലാണ് ഉണ്ടായിരിക്കുന്നത്. പക്ഷേ, നിലവാരമുള്ള റോഡുകളിൽ കൂടി ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനമോടിച്ച് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയതോടെ വാഹനയാത്രക്കാരും വഴിയാത്രക്കാരും കടുത്ത ആശങ്കയിലുമാണ്.
മലയോര ഹൈവേയുടെ രണ്ടാംഘട്ടമായ ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള 52 കിലോമീറ്റർ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചത് രണ്ട് വർഷം മുമ്പാണ്. ഏറ്റവും മികച്ച നിലവാരത്തിലാണ് ഇതിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. റോഡ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായപ്പോഴേയ്ക്കും വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മുപ്പതിലധികം മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ചെറുപുഴ, ആലക്കോട്, കുടിയാന്മല, പയ്യാവൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം സംഭവിച്ചവയാണിത്. പരിക്കുകളോടെ രക്ഷപ്പെട്ടവർ എത്രയോ അധികം. തളിപ്പറമ്പ് -ആലക്കോട് -മണക്കടവ് -കൂർഗ്ഗ് ബോർഡർ സംസ്ഥാന പാതയിലും അപകടങ്ങളുടെ പരമ്പര തന്നെയാണ് സംഭവിച്ചത്. ചെറുവാഹനങ്ങൾ പതിന്മടങ്ങായി ഓരോ വർഷവും നിരത്തുകളിലെത്തുന്നു. ഈ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാണ്. റോഡുകളിൽ കൂടി ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ചീറിപ്പായുന്ന ഇത്തരം വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.
അശ്രദ്ധയാണ് വില്ലൻ
പൊലീസ് പരിശോധനയിൽ പിടിവീഴുന്നവരിൽ പ്രായപൂർത്തിയാകാത്തവരും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവരും ധാരാളം. മദ്യപിച്ച് വാഹനമോടിക്കുക, മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുക, അലക്ഷ്യമായിട്ട് മുന്നിലുള്ള വാഹനങ്ങളെ മറികടക്കുക തുടങ്ങി മനഃപ്പൂർവ്വം അപകടമുണ്ടാക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്.
നടപടി കടുപ്പിക്കണം
ഓവർസ്പീഡിൽ വാഹനമോടിക്കുന്നവരുടെ പേരിൽ കർശന നടപടിയെടുക്കുക എന്നിവയൊക്കെ സ്ഥിരമായി നടപ്പിലാക്കുവാൻ മോട്ടോർ വാഹനവകുപ്പും പൊലീസും തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്. ഇല്ലാത്തിടത്തോളം കാലം മലയോര റോഡുകളിൽ ചോരച്ചാലുകൾ ഒഴുകിക്കൊണ്ടേയിരിക്കും.
മലയോര റോഡുകളിൽ കർശനമായി
തടയേണ്ട നിയമലംഘനങ്ങൾ
അമിത വേഗത
മദ്യപിച്ചുള്ള ഡ്രൈവിംഗ്
പ്രായപൂർത്തിയാകാതെ ഡ്രൈവിംഗ്
ലൈസൻസില്ലാതെ ഡ്രൈവിംഗ്
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം
അലക്ഷ്യമായുള്ള മറികടക്കൽ