തളിപ്പറമ്പ്: മണ്ഡലത്തിലെ മലപ്പട്ടം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ്, മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‍നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. മണ്ഡലത്തിൽ നടന്നുവരുന്ന ജൽ ജീവൻ മിഷൻ പദ്ധതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള വാട്ടർ അതോറിറ്റി തളിപ്പറമ്പ ഡിവിഷന് കീഴിൽ മലപ്പട്ടം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ് പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷൻ മാർച്ച് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി.

ചപ്പാരപ്പടവ് പഞ്ചായത്തിൽ രണ്ടാം ഘട്ടത്തിൽ തിമിരി, വെള്ളാട് വില്ലേജുകളിലെ കുടുംബങ്ങൾക്ക് കണക്ഷൻ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. വാട്ടർ അതോറിറ്റിയുടെ മട്ടന്നൂർ ഡിവിഷനു കീഴിൽ വരുന്ന മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി പഞ്ചായത്തിലെ പ്രവൃത്തിയും ടെൻ‌‌ഡർ ചെയ്തു.

മണ്ഡലത്തിലാകെ 161.33 കോടി രൂപയുടെ പദ്ധതിയാണ് ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ടു നടക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടു കൂടി മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കാൻ കഴിയും. യോഗത്തിൽ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ സുരജ, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റുദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.