covid

കണ്ണൂർ :കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ 15നും 17നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കുള്ള വാക്‌സിനേഷൻ വേഗത്തിലാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ നിർദേശം. വിദ്യാർത്ഥികളുടെ വാക്‌സിനേഷനിൽ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ നിർദ്ദേശിച്ചു. ജില്ലാതല കൺട്രോൾ റൂമിന്റെ പ്രവർത്തനം 24 മണിക്കൂറുമായി വർദ്ധിപ്പിക്കാനും കളക്ടർ നിർദേശം നൽകി.

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജില്ലയിൽ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ കർശമാക്കും. വാർഡുതല സമിതികൾ വീണ്ടും പ്രവർത്തനസജ്ജമാക്കും. ഇവയുടെ പ്രാഥമിക യോഗങ്ങൾ വിളിച്ചചേർക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളോടും യോഗം ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശം തയ്യാറാക്കും. ഇതിനായി സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ച് ആവശ്യമായ നിർദേശം നൽകാനും യോഗത്തിൽ തീരുമാനമെടുത്തു.

ക്ളസ്റ്ററുകളില്ല;ശരാശരി ടി.പി.ആർ 18.5

ജില്ലയിൽ 18.5 ആണ് ഇപ്പോഴത്തെ ശരാശരി ടി.പി.ആർ. മൂന്നുദിവസത്തെ ശരാശരി ടി.പി.ആർ നിരക്കാണ് പരിഗണിക്കുന്നത്. നിലവിൽ ജില്ലയിൽ ക്ലസ്റ്ററുകൾ ഇല്ല. ചികിത്സാ സംവിധാനങ്ങളും ആശുപത്രി സൗകര്യങ്ങളും തൃപ്തികരമാണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എം.പ്രീത യോഗത്തെ അറിയിച്ചു. ആക്ടീവ് കേസുകൾ പതിനായിരത്തിലെത്തുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിലേ സെക്കൻഡറി ട്രീറ്റ്‌മെന്റ് സെന്ററുകൾ അടക്കമുള്ള അധിക സംവിധാനങ്ങൾ ഒരക്കേണ്ട സാഹചര്യമുള്ളൂ എന്ന് യോഗം വിലയിരുത്തി. ഇതിനാവശ്യമായ പ്ലാൻ ജില്ലാ ആരോഗ്യവകുപ്പ് തയ്യാറാക്കും.

15- 17 വിദ്യാർത്ഥികൾ

ആകെ 97722

വാക്സിൻ എടുത്തത് 73702

ശതമാനം 75.4