തലശ്ശേരി: മഞ്ഞോടിയിലെ രവിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി പ്രേമരാജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. രവിയുടെ വീട്ടിലെത്തിയ അന്വേഷണം സംഘം വീട്ടുകാരുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ബന്ധുക്കൾ, സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും.

ഡി.സി.സി.മെമ്പർ കെ.ശിവദാസൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് തലശേരി പോലീസ് അന്വേഷിച്ച കേസ്‌ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് സംബന്ധിച്ചുള്ള ഫയലുകൾ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.

നവമ്പർ മൂന്നിന് രാവിലെയാണ് രവിയെ വീടിനോട് ചേർന്ന ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. സമീപത്തെ ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെട്ടിരുന്നു. മരണം സ്ഥിരീകരിച്ച ഡോക്ടർ, രവിയുടെ കഴുത്തിൽ കണ്ടെത്തിയ കയർ കുരുക്കിയ പോലത്തെ പാടിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ. ജിതിൻ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ, കഴുത്തിലെ കുരുക്കാണ് മരണകാരണമെന്ന് റിപ്പോർട്ട് നൽകി . തുടർന്ന് അസ്വാഭാവിക മരണത്തിന് തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും, കൊലപാതകമെന്ന് ഉറപ്പിക്കാൻ വേണ്ട തെളിവുകളൊന്നും തന്നെ കണ്ടെത്താനായില്ല