കാസർകോട്: ആതുരസേവന രംഗത്തെ പ്രഗൽഭ സ്ഥാപനങ്ങളിൽ ഒന്നായ ആസ്റ്റർ മിംസിന്റെ ആറാമത് ആശുപത്രി കാസർകോട്ട് തുടങ്ങുന്നു. ലോകോത്തര നിലവാരത്തിലുള്ള മുഴുവൻ ചികിത്സാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന 300 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തീകരിക്കുന്ന മിംസ് ഹോസ്പിറ്റലിൽ 500 കിടക്കകൾ സജ്ജീകരിക്കുമെന്നും ആസ്റ്റർ മിംസ് കേരള ആൻഡ് ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആസ്റ്റർ ഡി.എം സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ പ്രത്യേക നിർദ്ദേശമനുസരിച്ചാണ് ആതുര സേവന രംഗത്ത് അവഗണന നേരിടുന്ന കാസർകോട്ട് മിംസ് ഹോസ്പിറ്റൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. ചെർക്കളക്ക് സമീപമുള്ള ഇന്ദിരാ നഗറിൽ ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനുള്ള സ്ഥലം വ്യവസായ പ്രമുഖൻ നയന്മാർമൂലയിലെ അച്ചു ആസ്റ്റർ മിംസ് മാനേജ്‌മെന്റിന് കൈമാറി.
ആശുപത്രിയുടെ തറക്കല്ലിടൽ ഉടൻ തന്നെയുണ്ടാകുമെന്ന് ഡോ. ആസാദ് മൂപ്പൻ അറിയിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. ആതുര സേവനരംഗത്തെ മുഴുവൻ സൗകര്യങ്ങളും സമന്വയിപ്പിച്ച് 250 കോടി രൂപ ചെലവിലാണ് പ്രാഥമിക ഘട്ടം പൂർത്തിയാക്കുക. വാർത്താസമ്മേളനത്തിൽ ഡോ. എബ്രഹാം മാമ്മൻ (സി.എം.എസ്, ആസ്റ്റർ മിംസ് കോഴിക്കോട്), ഡോ. കെ.എം. സൂരജ് (സി.എം.എസ് ആസ്റ്റർ മിംസ് കണ്ണൂർ), ഡോ. നൗഫൽ ബശീർ (ഡെപ്യൂടി സി.എം.എസ്, ആസ്റ്റർ മിംസ് കോഴിക്കോട്), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ആശുപത്രിക്ക് സ്ഥലമൊരുക്കിയ വ്യവസായി പി.ബി അഷ്റഫ് (അച്ചു നായന്മാർമൂല) എന്നിവർ സംസാരിച്ചു. ഫർഹാൻ യാസീൻ പദ്ധതി വിശദീകരിച്ചു.