ഇരിട്ടി: പ്രളയക്കെടുതികളിലും പുഴ അപകടങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് അഗ്നിരക്ഷാ സേനയുടെ കീഴിൽ രൂപീകരിച്ച ജനകീയ സേനയായ സിവിൽ ഡിഫൻസിന് ഡിങ്കി പരിശീലനം ആരംഭിച്ചു.ഇരിട്ടി പുഴയുടെ ഭാഗമായ പഴശ്ശി ജലാശയത്തിലാണ് ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്.
ജല അപകടങ്ങൾ കൂടി വരികയും പ്രളയ ദുരന്തങ്ങളെ തരണം ചെയ്ത് രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ സേനയായ സിവിൽ ഡിഫൻസിന് ഡിങ്കി പരിശീലനം നൽകുന്നത്. വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന കാറ്റ് നിറച്ച ഡിങ്കികളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർഫോഴ്സ് ഉപയോഗിച്ചു വരുന്നത്. ഇരിട്ടിക്ക് ലഭിച്ച രണ്ട് ഡിങ്കികളിലായി ഒരേ സമയം പതിനഞ്ചോളം പേർക്ക് പരിശീലനം നൽകാൻ സാധിക്കും. ഇതിൽ ഒന്നിൽ മോട്ടോർ ഘടിപ്പിച്ചും മറ്റൊന്നിൽ തുഴ ഉപയോഗിച്ചുമാണ് പരിശീലനം.
ഇരിട്ടി സ്റ്റേഷൻ ഓഫീസർ കെ. രാജീവന്റെ നേതൃത്വത്തിൽ പരിശീലകരായ എൻ.ജി. അശോകൻ, പി.ആർ സന്ദീപ് എന്നിവരാണ് പരിശീലനം നൽകുന്നത്. യുവതികൾ അടക്കമുള്ളവർ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.