നീലേശ്വരം: കിനാനൂർ - കരിന്തളം പഞ്ചായത്തിൽ റോഡ് നിർമ്മാണത്തിനായി ഇറക്കിയ പത്ത് ബാരൽ ടാർ മോഷണം പോയതായി പരാതി. പഞ്ചായത്തിലെ നെല്ലിയടുക്കം വാളൂർ റോഡ് നിർമ്മാണത്തിനായി ഇറക്കിയ 42 ബാരൽ ടാറിൽ നിന്നും 10 എണ്ണമാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് കരാറുകാരൻ തൈക്കടപ്പുറത്തെ പി.വി. സുകുമാരൻ നീലേശ്വരം പൊലീസിൽ പരാതി നൽകി.

റോഡ് നിർമ്മാണത്തിനായി ഏതാനും ആഴ്ച മുമ്പ് കരിന്തളത്ത് ടാറും മറ്റ് നിർമ്മാണ സാമഗ്രികളും ഇറക്കിയിരുന്നു. റോഡ് നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ സ്ഥലത്തുചെന്ന് നോക്കിയപ്പോഴാണ് പത്തു ബാരൽ കാണാനില്ലെന്ന് മനസ്സിലായത്. മൂന്നാഴ്ച മുമ്പ് ഒരു മിനിലോറിയിൽ വന്ന ചിലർ ടാർ ബാരൽ കയറ്റിക്കൊണ്ടുപോകുന്നതായി സമീപത്തെ വീട്ടുകാർ കണ്ടിരുന്നു. കരാറുകാരന്റെ ആൾക്കാരാണ് ടാർ കൊണ്ടുപോകുന്നതെന്നായിരുന്നു വീട്ടുകാർ കരുതിയത്.

നീലേശ്വരം പള്ളിക്കരയിലെ കരാറുകാരൻ അഭിശങ്കറിന്റെ വീട്ടുപറമ്പിൽ നിന്നും അഞ്ച് ബാരൽ ടാർ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ചിറപ്പുറം ആലിങ്കീഴിലെ പ്രകാശൻ തന്നെയാകാം ടാർ മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ജനുവരി 4 നാണ് പ്രകാശനെ നീലേശ്വരം എസ്‌ഐ ഇ. ജയചന്ദ്രനും സംഘവും അറസ്റ്റുചെയ്തത്. ഇയാൾ ഇപ്പോൾ റിമാൻ‌‌ഡിലാണ്. പള്ളിക്കരയിൽ നിന്നും ടാർ മോഷണം പോയ അതേ സമയത്തുതന്നെയാണ് കരിന്തളത്തുനിന്നും ചിലർ മിനിലോറിയിൽ ടാർ കടത്തിക്കൊണ്ടുപോയത്‌.