മടിക്കൈ(കാസർകോട്): കർഷക പോരാട്ടങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു ചരിത്രത്തിൽ ഇടംനേടിയ, 'മോസ്‌കോ' എന്നറിയപ്പെടുന്ന മടിക്കൈ കൂടുതൽ ചുവന്നു.
ഗ്രാമസമ്പത്തിന്റെ വലിപ്പമറിഞ്ഞുള്ള ഫ്യൂഡൽ വ്യവസ്ഥയുടെ തിക്തഫലം അനുഭവിച്ചും അതിനെതിരെ പൊരുതി കയറിയും ആധുനിക കാലത്തിന്റെ സമരേതിഹാസങ്ങളുടെ ഭാഗമായി ചേർന്നവരാണ് മടിക്കൈയിലെ ജനങ്ങൾ. 1950 മുതൽ മടിക്കൈ പഞ്ചായത്ത് ഭരണത്തിലുള്ള പാർട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിന് ശേഷവും സി.പി. എം കുത്തകയായി തന്നെ പഞ്ചായത്ത് ഭരണം നിലകൊണ്ടു.
ബ്രിട്ടീഷ് ഭരണത്തിനും ജന്മി നാടുവാഴി വ്യവസ്ഥിതിക്കെതിരെയും നടത്തിയ വീരചരിതം നെഞ്ചേറ്റിയ മടിക്കൈയിലെ ഗ്രാമം അപ്പാടെ സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന് ആതിഥ്യമരുളാനായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. പഞ്ചായത്തിലെ ഗ്രാമഭാഗമായ അമ്പലത്തുകരയിലാണ് 21 മുതൽ 23 വരെ സി. പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന് വേദിയാകുന്നത്.
കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള മണ്ണിൽ തൊഴിലാളിവർഗ പ്രസ്ഥാനമായ സി.പി.എമ്മിന്റെ ജില്ലാ സമ്മേളനം നടക്കുന്നത് ഇതാദ്യം. മടിക്കൈ മുഴുവൻ ചുവന്ന കമാനങ്ങളും കൊടിമരവും നിറഞ്ഞുകഴിഞ്ഞു. പ്രചാരണത്തിന് നിരവധി സാങ്കേതിക മാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രവർത്തകർ. സമരപുളകങ്ങളുടെ മാതൃകകളും പലയിടങ്ങളിലായി റോഡരുകിൽ സ്ഥാപിച്ചിട്ടുണ്ട്. പാർട്ടി കോൺഗ്രസുകളുടെ എണ്ണത്തിന് തുല്യമായ പാർട്ടി പതാകകൾ ഓരോ ബ്രാഞ്ച് കമ്മിറ്റികളും ഉയർത്തിയിട്ടുണ്ട്. അതോടനുബന്ധിച്ചു കലാരൂപങ്ങളും റോഡരുകിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. കാറൽ മാർക്സിന്റെയും ഏംഗൽസിന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും പൂർണ്ണകായ പ്രതിമകൾ മടിക്കൈ പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഓരോ വീടുകളിലും ചെങ്കൊടിയും ഉയർത്തിയിട്ടുണ്ട്.
കൊവിഡ് വ്യാപനം കാരണം തുടർന്നുള്ള അനുബന്ധ പരിപാടികളെല്ലാം ഒഴിവാക്കിയെങ്കിലും 106 സെമിനാറുകളും 83 കുടുംബയോഗങ്ങളും ഇതിനകം നടത്തിക്കഴിഞ്ഞു. മൂന്ന് പ്രധാന സെമിനാറുകളാണ് ഒഴിവാക്കിയത്. മന്ത്രി പി. രാജീവ്, കെ.ടി ജലീൽ, പി. ശ്രീരാമകൃഷ്ണൻ, എം. സ്വരാജ്, കെ.വി അബ്ദുൽ ഖാദർ, ടി.ഐ മധുസൂദനൻ, മുരുകൻ കാട്ടാക്കട, കരിവെള്ളൂർ മുരളി, സി.എസ് സുജാത തുടങ്ങിയ പ്രമുഖർ ഇതിനകം അനുബന്ധ പരിപാടികളിൽ സംബന്ധിച്ചു. 19 ന് നടക്കുന്ന രക്തസാക്ഷി കുടുംബസംഗമം മുൻമന്ത്രി എം.എം മണി ഉദ്‌ഘാടനം ചെയ്യും. കെ.പി സതീഷ് ചന്ദ്രൻ ചെയർമാനും സി. പ്രഭാകരൻ കൺവീനറുമായ സംഘാടകസമിതിയാണ് സമ്മേളനവിജയത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.