നീലേശ്വരം: നഗരത്തിലെ കോട്ടപ്പുറം കടിഞ്ഞിമൂല - മാട്ടുമ്മൽ പാലം നിർമ്മാണത്തിന് 13.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ യാഥാർത്ഥ്യമാകുന്നത് പ്രദേശത്തുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം.

മുൻസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് റാഫി ചെയർമാനും മാട്ടുമ്മൽ കൃഷ്ണൻ കൺവീനറുമായ ജനകീയ കമ്മിറ്റിയുടെ ശക്തമായ ഇടപെടലാണ് ഭരണാനുമതി ലഭിക്കാൻ കാരണം.

മാട്ടുമ്മൽ കടിഞ്ഞിമൂല പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു നിലവിലുള്ള നടപ്പാലം മാറ്റി റോഡ് പാലം നിർമ്മിക്കുക എന്നത്. കഴിഞ്ഞ പിണറായി സർക്കാർ ബഡ്ജറ്റിൽ ടോക്കൺ പ്രൊഫഷനിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഡി.പി.ആർ തയാറാക്കി വരുമ്പോൾ 13.92 കോടി രൂപ ചെലവു വരുമെന്നതിനാൽ ഇതിനായുള്ള ധനസഹായത്തിന് കേരള സർക്കാർ നബാർഡിൽ ഉൾപ്പെടുത്തുന്നതിന് പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുകയും ഇതിന്റെ ഭാഗമായി ഈ വർഷം നബാർഡ് പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച 153.24 കോടി രൂപയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകുകയുമായിരുന്നു. ചെലവിൽ 11.14 കോടി രൂപ നബാർഡ് വിഹിതവും 2.78 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണെന്ന് എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു.

6 സ്പാനുകൾ

155 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം രൂപകല്പന ചെയ്തിട്ടുള്ളത്. 6 സ്പാനുകൾ ഉള്ള ഈ പാലത്തിന് ഇരുഭാഗങ്ങളിലുമായി 350 മീറ്റർ അപ്രോച്ച് റോഡ് നിർമ്മിക്കും. കൂടാതെ ഇരുഭാഗങ്ങളിലും ഒരു മീറ്റർ വീതിയിൽ നടപ്പാത, കേബിൾ ഡെക്റ്റ് എന്നിവയുംഉൾപ്പെടുത്തിയിട്ടുണ്ട്.

തീരദേശ ടൂറിസത്തിന്

മുതൽക്കൂട്ട്

മാട്ടുമ്മൽ കടിഞ്ഞിമൂല ഭാഗങ്ങളിലെ ജനങ്ങൾ നിത്യേന ഏഴ് കിലോമീറ്റർ അധികം സഞ്ചരിച്ചു വേണം നീലേശ്വരം നഗരത്തിൽ എത്തിച്ചേരാൻ. പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ദൂരവും സമയവും ലാഭിക്കാം എന്നതോടൊപ്പം മണ്ഡലത്തിലെ തീരദേശ ടൂറിസം പദ്ധതികൾക്ക് വലിയ രീതിയിൽ സൗകര്യപ്രദമാക്കുന്ന പദ്ധതി കൂടിയാണിത്.

മാട്ടുമ്മൽ കടിഞ്ഞിമൂല പ്രദേശത്തെ നിലവിലുള്ള നടപ്പാലം