k-fone

കണ്ണൂർ: സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്‌സിഡി നിരക്കിലും ഇന്റർനെറ്റ് നൽകുന്ന സ്വപ്നപദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കായ കെ ഫോൺ ജില്ലയിൽ ലക്ഷ്യത്തിലേക്ക്. അടുത്ത മാസത്തോടെ ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന ആദ്യഘട്ടത്തിലെ റാക്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കും. ആദ്യഘട്ടത്തിലുൾപ്പെടുന്ന 420 സ്ഥാപനങ്ങളിലാണ് 9 യു റാക്കുകൾ സജ്ജീകരിച്ചത്. നെറ്റ്‌വർക്ക് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള മോഡം, യു.പി.എസ് തുടങ്ങിയവയാണ് 9 യു റാക്കിൽ ഉൾപ്പെടുന്നത്.

140 നിയമസഭാ മണ്ഡലങ്ങളിൽ മേയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്ക് വീതം സൗജന്യ കണക്ഷൻ നൽകും. പദ്ധതി പൂർത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്‌സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാകും.

പിണറായി,മുണ്ടയാട്, കാഞ്ഞിരോട്, കൂത്തുപറമ്പ്, തോലമ്പ്ര, പഴശ്ശി, പുതിയതെരു, അഴീക്കോട്, തോട്ടട, തളിപ്പറമ്പ്, മാങ്ങാട്, പഴയങ്ങാടി എന്നിവയാണ് കെ.ഫോൺ ആദ്യഘട്ടം ലഭ്യമാകുന്ന പ്രദേശങ്ങൾ.മുണ്ടയാടാണ് മെയിൻ ഹബ്. സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രങ്ങൾ, ആശുപത്രികൾ, എന്നിവയ്ക്കാണ് മുൻഗണന.

ആദ്യഘട്ടം

900 കേന്ദ്രങ്ങളിൽ
മൊത്തം ചിലവ്-1500 കോടി

സംസ്ഥാനത്ത് ആദ്യഘട്ടം 890 കി.മി ലൈൻ

പൂർത്തിയാകാൻ 20 കി.മി

ലൈൻ ബന്ധിപ്പിക്കണം 18ഇടത്ത്

റെയിൽ, പാലങ്ങൾ എന്നിവ മുറിച്ചുകടക്കുന്ന 18 ഇടത്ത് ലൈൻ ബന്ധിപ്പിക്കലാണ് ഇനി ബാക്കിയുള്ളത്. 31 സബ് സ്‌റ്റേഷനുകളാണ് പദ്ധതിക്ക് ഉണ്ടാകുക. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ലൈൻ വലിക്കൽ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 1800 കിലോമീറ്ററാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ഇ.ബിയും കെ.എസ്‌.ഐ.ടി.ഐ.എല്ലും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. ബെല്ലും കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചറിനൊപ്പം ആർ.ഐ.ടി, എൽ. എസ് കേബിൾ എന്നീ സ്വകാര്യകമ്പനികൾ ചേർന്ന കൺസോർഷ്യമാണ് നിർവഹണ ഏജൻസി.