തളിപ്പറമ്പ്: മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ. മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടം, ഇലക്ട്രിക്കൽ തുടങ്ങിയ മുഴുവൻ പ്രവൃത്തികളെ സംബന്ധിച്ചും യോഗത്തിൽ അവലോകനം നടത്തി. ഏറ്റെടുത്ത പ്രവൃത്തികൾ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കണമെന്നും കാലാവധി കഴിഞ്ഞതിന് ശേഷം സമയം നീട്ടി നല്കാൻ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും, കാലാവധിക്കുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാത്ത കരാറുകാരെ ഒഴിവാക്കി പുതിയ ടെണ്ടർ നൽകി കരാറുകാരനെ മാറ്റി നിശ്ചയിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാതിരുന്ന കോലത്തുവയൽ-പാളിയത്തുവളപ്പ്-ചെറുപാന്തോട്ടം-വെള്ളിക്കീൽ റോഡ് കരാറുകാരനായ ഫായിസ്.എം.ഡി യെ പ്രവൃത്തിയിൽ നിന്നു നീക്കം ചെയ്തു. കരാർ പ്രകാരം 2020 ഒക്ടോബറിൽ പ്രവൃത്തി പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ രണ്ടു തവണ സമയം നീട്ടി നൽകിയിട്ടും പ്രവൃത്തി പൂർത്തീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കരാറുകാരനെ നീക്കം ചെയ്തത്. അടിയന്തരമായി റീടെണ്ടർ ചെയ്ത് പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. അമ്മാനപ്പാറ-തിരുവട്ടൂർ-ചപ്പാരപ്പടവ് റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ ജനകീയ കമ്മിറ്റി രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
യോഗത്തിൽ പി.ഡബ്‌ള്യു.ഡി സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ്, എൻ.എച്ച് എക്‌സിക്യൂട്ടീവ് എൻജിനീയർ ഹരീഷ് കെ.എം, പി.ഡബ്‌ള്യു.ഡി റോഡ്‌സ് കണ്ണൂർ എക്‌സിക്യൂട്ടീവ് എൻജിനീയർ ജഗദീഷ് എം , ബിൽഡിംഗ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജിഷ കുമാരി, കെ.ആർ.എഫ്.ബി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ മനോജ് കുമാർ കെ.വി , സജിത്ത് പി തുടങ്ങിയവർ പങ്കെടുത്തു.
ഫണ്ട് അനുവദിച്ചു
മണ്ഡലത്തിലെ യാത്രാ യോഗ്യമല്ലാത്ത പ്രധാന റോഡുകളുടെ നവീകരണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. റോഡുകളുടെ നവീകരണ പ്രവൃത്തി അടിയന്തരമായും ആരംഭിക്കാനും വിവിധ സ്‌കൂളുകളിൽ നടക്കുന്ന കെട്ടിട നിർമ്മാണം ജൂൺ മാസത്തിന് മുന്നേ പൂർത്തിയാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
ചൊറുക്കള -ബാവുപ്പറമ്പ- മയ്യിൽ- കൊളോളം എയർപോർട്ട് ലിങ്ക് റോഡ്, ഇ.ടി.സി -പൂമംഗലം റോഡ്, കൊടിലേരി പാലം, മങ്കരപാലം, അടൂർക്കടവ് പാലം, എന്നിവയുടെ പ്രവൃത്തികൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കണം.
മന്ത്രി എം.വി ഗോവിന്ദൻ