കാസർകോട്: കഴിഞ്ഞ വർഷം മദ്ധ്യത്തിൽ മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറിന്റെ ഫീസ് ഇനത്തിൽ 3,11,527 രൂപ കെ.എസ്.ഇ.ബിക്ക് അടക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ സ്കൂളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് കുമ്പള കെ.എസ്.ഇ.ബി ഓഫീസിൽ നിന്ന് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർക്ക് നോട്ടീസ് നല്കി.
2021 ആഗസ്റ്റ് മാസത്തിലാണ് മൊഗ്രാൽ സ്കൂളിന് പുതുതായി പണിത കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെടുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ കെട്ടിടത്തിന് കണക്ഷൻ നൽകണമെങ്കിൽ പുതുതായി ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി നിർദ്ദേശിച്ചതിനെ തുടർന്നാണ് ട്രാൻസ്ഫോമർ സ്ഥാപിക്കേണ്ടി വന്നത്. സ്കൂളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനെതിരെ നാട്ടുകാരും, പി.ടി.എയും, സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ബന്ധപ്പെട്ടവർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് സ്കൂൾ അധികൃതർ.
തിടുക്കം കാട്ടിയത് കൊവിഡ് രോഗികളുടെ സംരക്ഷണത്തിന്
കൊവിഡ് രോഗികളെ താമസിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ഈ കാലയളവിൽ മൊഗ്രാൽ സ്കൂളിൽ ഡൊമിസിലിയറി കെയർ സെന്റർ ഒരുക്കാനായി കെട്ടിടം തുറന്നു കൊടുത്തിരുന്നു. നൂറുകണക്കിന് രോഗികൾ ഇവിടെ താമസിച്ചിരുന്നതുമാണ്. ഈ പദ്ധതിക്ക് വേണ്ടിയാണ് തിടുക്കത്തിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.
അവസാന തീയതി 29
ഈ മാസം 29 ാം തീയതിക്ക് മുമ്പ് തുക അടച്ചിരിക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമാണ് കെ.എസ്.ഇ.ബിയുടെ നോട്ടീസിൽ പറയുന്നത്. ജില്ലാ പഞ്ചായത്തിനാണ് സ്കൂളിന്റെ ചുമതല.