മാഹി: മയ്യഴിയിലെ റോഡുകൾ കണ്ട്, അതിർത്തിക്കപ്പുറത്തുള്ള കേരളീയർ നെടുവീർപ്പിട്ടിരുന്നൊരു കാലമുണ്ടായിരുന്നു. എന്നാൽ, കാലം മാറി മയ്യഴിയിലെ ഉൾപ്രദേശങ്ങളിലെ റോഡുകൾ കാൽനടയാത്ര പോലും അസാദ്ധ്യമാക്കുന്ന അവസ്ഥയിലാണിപ്പോൾ. രാത്രിയെ പകലാക്കും വിധം പ്രകാശപൂരിതമായ റോഡുകൾ ഇന്ന് ഇന്നാട്ടുകാർക്ക് ഓർമ്മ മാത്രം.
ചാലക്കര വായനശാല കോ-ഓപ്പറേറ്റീവ് കോളേജ് റോഡിൽ താറിട്ട ശേഷം പൈപ്പിനായി കുഴിയെടുത്ത് ഇന്റർലോക്ക് പാകിയത് പൊട്ടിപ്പൊളിഞ്ഞ് വർഷങ്ങളായി. മാഹിയിൽ നിന്ന് പോളിടെക്‌നിക്ക് കോളേജിലേക്കുള്ള എളുപ്പ വഴിയായ എം.എൽ.എ റോഡും തകർന്നു. ചാലക്കര -പോന്തയാട്ട് പോളിടെക്‌നിക്ക് കോളേജ് റോഡ് വീതി കൂട്ടുമെന്ന് പ്രഖ്യാപിച്ച് വർഷങ്ങളായിട്ടും എങ്ങുമെത്തിയില്ല.
മൈദ കമ്പനിയിലേക്കും, ഗ്യാസ് ഗോഡൗണിലേക്കും നിരവധി ലോറികൾ കടന്നുപോകുന്ന റോഡിന്റെ അവസ്ഥ ശോചനീയമാണ്. പോളിടെക്‌നിക്ക് ഗ്യാസ് ഗോഡൗൺ റോഡ്, ചാലക്കര കീഴന്തൂർ -പുന്നോൽ റോഡ്, ചാലക്കര വയൽ -വരപ്രം കാവ് റോഡ്, ചാലക്കര വയൽ -ചെമ്പ്ര അയ്യപ്പൻ കാവ് -പാറാൽ പള്ളി റോഡ്, ചാലക്കര വയൽ -ചെമ്പ്ര എൽ.പി സ്‌കൂൾ റോഡ്, ചാലക്കര ശ്രീനാരായണ മഠം റോഡ്, പോളിടെക്‌നിക്ക് സെന്റ് തെരേസാ സ്‌കൂൾ റോഡ്, ചാലക്കര വാഴയിൽ റോഡ് തുടങ്ങിയവ ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നു പോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്പിന്നിംഗ് മിൽ വയലക്കണ്ടി, ഇ.എസ്.ഐ, കാഞ്ഞിരമുള്ളപറമ്പ് ക്ഷേത്രം റോഡും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.
നികുതി വരുമാനമുണ്ട്,
നാട്ടുകാർക്ക് ഗുണമില്ല
ചാലക്കര അൽഫാ ഫ്‌ളാറ്റ് -പാറാൽ പള്ളി റോഡ് വയൽനികത്തി മണ്ണിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ടാർ ചെയ്തിട്ടില്ല. കല്ലായി- പന്തക്കൽ റോഡ് വീതി കൂട്ടമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. മയ്യഴി മുനിസിപ്പാലിറ്റിയിൽ നിന്ന് നികുതിയിനത്തിൽ നല്ലൊരു വരുമാനം പുതുച്ചേരിയിലെത്തുന്നുണ്ടെങ്കിലും, അതിന്റെ ഗുണഫലം തിരിച്ച് മയ്യഴിക്ക് കിട്ടാത്ത അവസ്ഥയാണിപ്പോൾ.
വിളക്കുകൾ കത്തുന്നില്ല,
ബില്ലടക്കുന്നുണ്ട്
ഇടവഴി റോഡുകളാകെ ഇരുവശവും കാട് പിടിച്ച് കിടക്കുകയാണ്. ഇതിന് പുറമെ മാഹി, പളളൂർ, പന്തക്കൽ പ്രധാന റോഡുകളടക്കം ഒട്ടുമിക്ക തെരുവ് വിളക്കുകളും കണ്ണടച്ചിട്ട് മാസങ്ങളേറെയായി. കത്താത്ത തെരുവ് വിളക്കുകൾക്ക് നഗരസഭ കൃത്യമായി ഇലക്ട്രിസിറ്റി വകുപ്പിന് ബില്ലടക്കുന്നുമുണ്ട്.