കാഞ്ഞങ്ങാട്: നഗരം വ്യത്യസ്തമായൊരു സംഗമത്തിന് സാക്ഷിയായി. പേര് കൊണ്ട് മാത്രം സമാനതയുള്ള 51 യുവാക്കൾ. തൃക്കരിപ്പൂര് തൊട്ട് മഞ്ചേശ്വരം വരെയുള്ളവർ. എല്ലാവരുടെയും പേര് രതീഷ്. ഒന്നല്ല, അമ്പത്തിഒന്ന് പേർ. ഇനിയൊരു ഇരുപത് രതീഷ് നാമധാരികൾ ഇതേ സമയം വിദേശത്തും ഒത്തുകൂടി. പേരിൽ മാത്രമേ പൊരുത്തമുള്ളൂ. തൊഴിലും നാടും വേഷവും അഭിരുചിയും എല്ലാം വ്യത്യസ്തം.

കാഞ്ഞങ്ങാട്ടെ മൂന്ന് രതീഷുമാരുടെ മനസ്സിൽ ആറു മാസം മുമ്പ് ഉദിച്ച ആശയമാണ് രതീഷുമാരെ കണ്ടെത്തി കൂട്ടായ്മ ഒരുക്കുക എന്നത്. നാട്ടിലും വിദേശത്തുമായി ഇരുന്നൂറിനടുത്ത അംഗങ്ങളുള്ള സൗഹൃദ വൃക്ഷമായി അത് വളർന്നു. രതീഷ് സൗഹൃദ കൂട്ടായ്മയുടെ ആദ്യ സംഗമം മേലാങ്കോട്ട് ലയൺസ് ഹാളിൽ നടന്നു. എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി.സ്കൂൾ കോമ്പൗണ്ടിൽ തെങ്ങിൻതൈ നട്ടു കൊണ്ടായിരുന്നു തുടക്കം. രതീഷുമാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ജില്ലാ ആശുപത്രിയിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ എം.ദാക്ഷായണി ഉദ്ഘാടനം ചെയ്തു. രതീഷ് വിപഞ്ചിക അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി സി.പി. ശുഭ മുഖ്യ പ്രഭാഷണം നടത്തി. ഡോ. കൊടക്കാട് നാരായണൻ, ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രതീഷ് കുമാർ , പ്രസ് ഫോറം പ്രസിഡന്റ് പി.പ്രവീൺ കുമാർ ,ഗോകുലാനന്ദൻ മോനാച്ച, രതീഷ് കാലിക്കടവ്, രതീഷ് കാർത്തുമ്പി സംസാരിച്ചു.