മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ സമീപ ടൗണായ ചാലോടിനെ ഗതാഗതക്കുരുക്കിൽ നിന്നും ഒഴിവാക്കി ആധുനികവൽക്കരിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. നാലു ഭാഗത്തു നിന്നും വാഹനങ്ങൾ എത്തിച്ചേരുന്ന ചാലോട് കവലയിൽ ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. മത്രമല്ല, ചാലോട് ബസ് സ്റ്റാൻഡിലെ പാർക്കിംഗ് പ്രശ്നത്തിനും പരിഹാരമായില്ല.
ടൗണിലെ ബസ് സ്റ്റാൻഡിൽ തന്നെയാണ് ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വേറെ ഇടമില്ലെന്നുള്ളതാണ് ഏറേ പ്രയാസം. പുതിയ ബസ് സ്റ്റാൻഡ് നിർമ്മിച്ച് നിലവിലെ സ്റ്റാൻഡിൽ പാർക്കിംഗ് സൗകര്യമൊരുക്കണമെന്നത് ഏറേക്കാലമായുള്ള ആവശ്യമാണെങ്കിലും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ കടമ്പകൾ ഏറെയാണ്. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പോലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പലപ്പോഴും വാക്കുതർക്കങ്ങൾക്ക് ഇടയാക്കുന്നു. പൊലീസ് ഇടപെട്ട് സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിൽ നിർത്തിയിടുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇവിടെ പാർക്കിംഗ് അനുവദിച്ചില്ലെങ്കിൽ മറ്റൊരു വഴിയുമില്ലെന്നതിനാൽ നിർദ്ദേശമൊക്കെ പാഴാവുകയാണ്.
വ്യാപാരികൾക്ക്
നഷ്ട കച്ചവടം
കടകൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികളും പരാതിപ്പെടുന്നു. എന്നാൽ ഉപഭോക്താക്കളുടെ വാഹനം എവിടെ നിർത്തിയിടുമെന്ന കാര്യത്തിൽ ഇവർക്കും നിശ്ചയമില്ല. വാഹനങ്ങൾ നിർത്തിയിടാൻ ആവശ്യത്തിന് സ്ഥലമില്ലാത്ത സ്ഥിതിയാണ്.
റോഡ് വികസിപ്പിച്ചാൽ
എന്തു ചെയ്യും?
വിമാനത്താവളത്തിലേക്ക് എത്തുന്ന കണ്ണൂർ - മട്ടന്നൂർ റോഡ് വീതി കൂട്ടി വികസിപ്പിക്കേണ്ടി വരുമ്പോൾ നിലവിലെ സൗകര്യം കൂടി ഇല്ലാതാകും. ചാലോട് ടൗണിന്റെ നവീകരണത്തിന് കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ പഞ്ചായത്ത് ഒമ്പതു കോടി രൂപ അനുവദിച്ചിരുന്നു.
ചാലോടിൽ പാർക്കിംഗ് സൗകര്യങ്ങളോടു കൂടിയ പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കണം. ഇതല്ലാതെ മറ്റൊരു പോംവഴിയുമില്ല.
യാത്രക്കാർ, വ്യാപാരികൾ