നീലേശ്വരം: കടുത്ത വേനലിൽ മടിക്കൈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആരംഭിച്ച കുടിവെള്ള പദ്ധതി ഇഴയുന്നു. പഞ്ചായത്തിലെ 5000-ത്തോളം കുടുംബങ്ങൾക്കായി വീടുകളിലേക്ക് വെള്ളമെത്തിക്കുവാൻ ആരംഭിച്ച ജലജീവൻ പദ്ധതിക്കാണ് ഈ ദുര്യോഗം. ചിലയിടത്ത് പി.ഡബ്ല്യു.ഡി റോഡരിക് കീറാനുള്ള അനുമതി വൈകുന്നതാണ് പദ്ധതിക്ക് വിനയാകുന്നത്.
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും മടിക്കൈ പഞ്ചായത്തും ഗുണഭോക്തൃ വിഹിതവും കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൈപ്പ് വഴി വെള്ളമെത്തിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 92 ലക്ഷം രൂപ ചെലവിട്ട് ബങ്കളം വാർഡിൽ 680 വീടുകളിലടക്കം എഴുന്നൂറിലേറെ കണക്‌ഷൻ നൽകിയ പണി പൂർത്തിയായി. മറ്റ് 14 വാർഡുകളിലേക്കായി 22 കോടി രൂപ ചെലവിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്.
ഇതിന്റെ ജോലികൾ കഴിഞ്ഞദിവസം കാഞ്ഞിരപ്പൊയിലിൽ ആരംഭിച്ചതേയുള്ളൂ. ആറു മാസത്തിനകം പണി പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ആ കാലയളവിൽ പദ്ധതി പൂർത്തിയാക്കാൻ ഇടയില്ല. പാറപ്രദേശമായതിനാൽ കുഴിയെടുക്കുകയും ഏറെ ശ്രമകരമാണ്. മുംബയിലെ സ്റ്റീവ് ആൻഡ് ജോൾസ് പ്രൊജക്ട് സൊല്യൂഷന്റെ ആലപ്പുഴ വിഭാഗമാണ് കരാർ ഏറ്റെടുത്തത്. രണ്ടു വർഷത്തിനകം വരുന്ന അറ്റകുറ്റപ്പണികളും ഇവരുടെ ചുമതലയാണ്. ഒരു ലക്ഷം മീറ്റർ പൈപ്പുകളാണ് നാല് സോണിലും ഉപയോഗിക്കുക. പ്രധാനപാതകളിലെല്ലാം ഇരുവശത്തുമായി പൈപ്പിടുന്നതോടെ റോഡ് വെട്ടിപ്പൊളിക്കേണ്ടി വരില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വെള്ളച്ചേരിയിൽ ദിവസം മൂന്നുദശലക്ഷം ലിറ്റർ ശുദ്ധീകരണ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചിരുന്നു. മൂന്ന് ഷിഫ്റ്റുകളിലായി വെള്ളം ലഭ്യമാക്കാനാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു.
കുടിവെെള്ള പൈപ്പ് ഇടാൻ ജില്ലാ പഞ്ചായത്ത് റോഡും പൊതുമരാമത്ത് റോഡും കിളക്കേണ്ടതുണ്ട്. പൊതുമരാമത്ത് അധികൃതരുടെ സമ്മതം കിട്ടാൻ വൈകുന്നതിനാലാണ് പണി നീണ്ടുപോയത്.
എസ്. പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്