കാസർകോട്: കേരളത്തിലെ പിന്നോക്ക സമുദായങ്ങളുടെ ഒമ്പതിന അവകാശങ്ങൾ അനുവദിച്ചു കിട്ടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പറഞ്ഞു. കാസർകോട് ജില്ലയിലെ നേതൃസംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസിൽ 'കേരള കൗമുദി'യോട് സംസാരിക്കുകയായിരുന്നു. സർക്കാരുകൾ മാറിമാറി വന്നുവെങ്കിലും പിന്നോക്ക സമുദായങ്ങളുടെ പ്രശ്നങ്ങൾ വേണ്ടതുപോലെ അഡ്രസ് ചെയ്യാൻ ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല. തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ജാതിവിഭജനവും ജാതി വിവേചനവും നിലനിന്നിരുന്ന കാലത്തിൽ നിന്ന് നമ്മൾ ഏറെ മുന്നോട്ടുപോയെങ്കിലും മുൻനിരയിൽ കൊണ്ടുവരാൻ ആവിഷ്‌ക്കരിച്ച പരിപാടികൾ വിജയം കാണേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങൾക്ക് വേണ്ടിയാണ് പിന്നോക്ക സമുദായ കൂട്ടായ്മയുണ്ടാക്കി എൻ.സി.പിയുടെ പോരാട്ടം. പാർട്ടിക്ക് കീഴിൽ ദേശീയതലത്തിൽ തന്നെ പിന്നോക്ക സമുദായ ഫോറം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ശ്രീനാരായണ യൂത്ത് മൂവ്മെന്റ് മുൻ പ്രസിഡന്റ് എ.വി സജീവ് പ്രസിഡന്റായി ഫോറം പുനഃസംഘടിപ്പിച്ചത് ആ ലക്ഷ്യത്തിനു വേണ്ടിയാണ്. ചികിത്സ കഴിഞ്ഞു മുഖ്യമന്ത്രി എത്തുന്നതോടെ അവകാശ പ്രഖ്യാപനം നടത്തി ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം അദ്ദേഹത്തിന് നൽകും.
ഒ. ബി. സി സംവരണം നിലനിൽക്കണം
നിയമപരമായും അല്ലാതെയും ഒ.ബി.സി സംവരണം നിലനിൽക്കണമെന്നാണ് എൻ.സി.പിയുടെ നിലപാട്. സംവരണത്തിന് എതിരായി വന്നിട്ടുള്ള എല്ലാ കോടതിവിധികളും റദ്ദാക്കുന്നതിന് സർക്കാർ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണം. ഒരു കാരണവശാലും സംവരണം നിർത്തലാക്കാൻ പാടില്ല.
കോൺഗ്രസ് ദുർബലം പ്രാദേശിക പാർട്ടികളുടെ ബദൽ വരും
ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായിരുന്ന പഴയ കോൺഗ്രസ് ഇന്നില്ല. ആ പാർട്ടി ദുർബലമാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും ബി.ജെ.പിക്ക് ബദലാകാൻ അവർക്ക് കഴിയുന്നില്ല. പ്രാദേശിക പാർട്ടികളുടെ ഒരു രാഷ്ട്രീയ സഖ്യത്തിന് രാജ്യത്ത് എൻ.സി.പി നേതൃത്വം നൽകും. ഇടതുമുന്നണിക്ക് സമാനമായ പാർട്ടികളുടെ ഐക്യമാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരെ അത്തരമൊരു സഖ്യം രൂപപ്പെടും.
പിണറായി സർക്കാരിനെതിരെ ഗൂഢാലോചന
രണ്ടാം പിണറായി സർക്കാരിന്റെ വികസന പദ്ധതികളും നേട്ടങ്ങളും അട്ടിമറിക്കാൻ സംസ്ഥാനത്ത് വലിയതോതിലുള്ള ഗൂഢാലോചന നടന്നുവരുന്നതായും പി.സി ചാക്കോ പറഞ്ഞു.