മടിക്കൈ: നവോത്ഥാന, പുരോഗമന ആശയങ്ങൾ അതിവേഗത്തിൽ വേരുപിടിച്ച മണ്ണാണ് മടിക്കൈയുടേത്. ആദ്യം ദേശീയപ്രസ്ഥാനത്തിനും പിന്നാലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും മനസുകൊടുത്ത ഈ ഗ്രാമം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചരിത്രസംഭവങ്ങൾക്കും സമരങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
1888 ൽ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ കാലത്ത് മടിക്കൈയിലെ അപ്പു കാരണവർ സ്വന്തം ഭവനത്തിൽ സർവൈശ്വര്യപൂജ നടത്തി ജാതി മേധാവിത്വത്തിനെതിരെ പോരാട്ടം കുറിച്ചത് കൂട്ടത്തിൽ ഒരു സംഭവമാണ്. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും ഉണ്ടാക്കിയ പരിവർത്തനങ്ങളെക്കുറിച്ച് പി. കൃഷ്ണപ്പിള്ളയും എ.സി.കണ്ണൻനായരുമടക്കമുള്ള സ്വാതന്ത്ര്യസമരപോരാളികൾ ഈ നാടിന് പരിചയപ്പെടുത്തിയിരുന്നു. ചരിത്രത്തിലിടം നേടിയ പയ്യന്നൂർ സമ്മേളനത്തിൽ പങ്കെടുക്കാൻ 1927ൽ നെഹ്‌റു എത്തിയതിന്റെ തൊട്ടടുത്ത വർഷം മടിക്കൈയിൽ കോൺഗ്രസ് യൂണിറ്റ് നിലവിൽ വന്നു.
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗത്ത് നിൽക്കുമ്പോൾ തന്നെ കർഷക പ്രസ്ഥാനം ശക്തിയാർജിച്ച് ജാതിവിവേചനത്തിനും ജന്മിത്വത്തിനുമെതിരെ ശക്തമായി പോരാടാനും ഈ നാട് തുനിഞ്ഞിറങ്ങി.
1948ൽ കാസർകോട് താലൂക്കിലും മലബാറിലും ഭക്ഷ്യക്ഷാമം പടർന്നുപിടിച്ച കാലത്ത് ജന്മിമാരുടെ നെല്ല് പൂഴ്ത്തിവയ്പിനെതിരായി മടിക്കൈ പ്രതികരിച്ചു. ജന്മിമാരിൽനിന്ന് നെല്ലെടുത്ത് വിതരണം ചെയ്യുവാനായി കർഷകസംഘം പ്രവർത്തകർ കക്കോത്തായരുടെ ഇല്ലത്തുചെന്ന് പത്തായത്തിലുള്ള നെല്ലളക്കാൻ ആവശ്യപ്പെട്ടു. കെ. മാധവൻ, മടിക്കൈ കുഞ്ഞിക്കണ്ണൻ, പി. അമ്പുനായർ എന്നിവരായിരുന്നു സമരത്തിനു നേതൃത്വം നൽകിയത്. മിച്ചമുള്ള നെല്ല് അവിടെവച്ചുതന്നെ റേഷൻ വിലയ്ക്ക് വിതരണം ചെയ്തു. ഈ കേസിൽ പൊലീസ് മടിക്കൈ കുഞ്ഞിക്കണ്ണനെ അറസ്റ്റുചെയ്തു. കെ.ആർ. കുഞ്ഞിക്കണ്ണൻ, കെ.എം. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകർ സമ്മർദ്ദം ചെലുത്തിയതിനു പിന്നാലെ മടിക്കൈ കുഞ്ഞിക്കണ്ണനെ പൊലീസ് വിട്ടയക്കുകയും ചെയ്തു.
ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ വലിയ തോതിൽ ഉൾകൊള്ളിച്ചാണ് ഇക്കുറി സി.പി.എം ജില്ലാസമ്മേളനത്തിന്റെ പ്രചാരണം. നവോത്ഥാനത്തിനും പുരോഗമനചിന്തകൾക്കും ആദ്യം മനസുകൊടുത്ത കേരളീയഗ്രാമങ്ങളിൽ മുൻപന്തിയിലാണ് മടിക്കൈയുടെ സ്ഥാനമെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗവും ജില്ലാസമ്മേളനസംഘാടകസമിതി ചെയർമാനുമായ കെ.പി. സതീഷ് ചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു.
സി.പി.എം ജില്ലാ സമ്മേളനം നടക്കുന്ന മടിക്കൈ അമ്പലത്തുകരയിലെ പ്രവേശന കവാടം