കണ്ണൂർ: സർക്കാർ ജീപ്പ് തീവച്ച് നശിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കാൽ നൂറ്റാണ്ടിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ വരപ്രയിലെ പുതിയേടത്ത് കണ്ടി മൊയ്തീനെ (51) യാണ് ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റുചെയ്തത്. കളക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പ്‌ കോൺഗ്രസ് അനുഭാവിയായ പ്രതിയുൾപ്പെടെയുള്ളവർ 1997ൽ തീവച്ച് നശിപ്പിച്ചുവെന്നായിരുന്നു കേസ്. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഹാജരാവാത്തതിനെത്തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എസ്.ഐ. യോഗേഷ്, എ.എസ്.ഐ. ഷജിക്ക്, സി.പി.ഒ നാസർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.