കണ്ണൂർ: ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടേരി പടന്നോട്ട് മൊട്ടക്ക് സമീപം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ കാസർകോട് ഉദുമയിൽ മത്സ്യ വ്യാപാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘം സഞ്ചരിച്ചതാണെന്ന് തെളിഞ്ഞു. തിങ്കളാഴ്ച രാവിലെ കാർ ബേക്കൽ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുണ്ടേരിയിലെ ഷൈനാ നിവാസിൽ ഭാസ്‌ക്കരന്റെ വീട്ട് മുറ്റത്താണ് ഞായറാഴ്ച രാത്രി 12 മണിയോടെ സ്വിഫ്റ്റ് കാർ ഉപേക്ഷിച്ചത്.
കാറിന് ഇരട്ട നമ്പർ പ്ലെയിറ്റ് ഉണ്ടായിരുന്നു.
കാസർകോടുള്ള ആളുടെ ഉടമസ്ഥയിലുള്ളതാണ് കാറെന്ന് കണ്ടെത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ രണ്ട് പേർ വീടിന്റെ മുറ്റത്ത് വന്ന് കാറിന് ചെറിയ തകരാർ ഉള്ളതിനാൽ ഇവിടെ വെക്കട്ടെ എന്ന് ചോദിച്ചതായി വീട്ടുടമ പറഞ്ഞു. കാറിന്റെ പിൻ ഗ്ലാസ് തകർന്ന നിലയിലാണ്. വാഹനത്തിലും വീടിന്റെ മുറ്റത്തും ചോരപ്പാടുകളും ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് എത്തിയ വിരലടയാള വിദഗ്ധരും ചക്കരക്കൽ പൊലീസും കാർ പരിശോധന നടത്തിയപ്പോഴാണ് വാൾ, കത്തിവാൾ മുതലായ മാരകായുധങ്ങളും, മദ്യക്കുപ്പിയും മറ്റും കണ്ടെത്തിയത്.